കുന്ദമംഗലം: പൊതുജന പങ്കാളിത്തത്തോടെ സഹകരണ മേഖലയിൽ കുന്ദമംഗലത്ത് കോളേജ് തുടങ്ങുന്നു. തുടക്കത്തിൽ കുന്ദമംഗലം അങ്ങാടിക്ക് തൊട്ടടുത്തുള്ള വാടക കെട്ടിടത്തിൽ ആരംഭിക്കുന്ന സ്ഥാപനത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രി കോഴ്സുകളാണ് ഉണ്ടാവുകയെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബി.എ. ഇംഗ്ലീഷ്, ബി.ബി.എ, ബി.കോം, ബി.എസ്.സി.മാത്ത്സ്
എന്നീ കോഴ്സുകളാണ് തുടങ്ങുന്നത്. കുന്ദമംഗലം കോ-ഓപ്പറേറ്റീവ് എജുക്കേഷണൽ സൊസൈറ്റിക്ക് കീഴിലാണ് കോളേജ് തുടങ്ങുന്നത്. മിതമായ ഫീസ് നിരക്കിൽ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം ഉണ്ടാക്കുക എന്നതാണ് 3 കോടി രൂപ അംഗീകൃത ഓഹരി മൂലധനമുള്ള സൊസൈറ്റിയുടെ ലക്ഷ്യം. കുന്ദമംഗലം കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്ന് നാമകരണം ചെയ്ത കോളേജിന്റെ ഓഫീസ് ഇന്ന് 10 മണിക്ക് പി.ടി.എ.റഹിം.എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ പി.അഷ്റഫ് ഹാജി, പി.രവീന്ദ്രനാഥ്, പി.മുരളീധരൻ, ശോഭന വാരസ്യാർ എന്നിവർ പങ്കെടുത്തു.