കോഴിക്കോട്: പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളമൊഴുകുന്നതും അമൃത് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ഡ്രൈനേജുകളുടെ നിർമാണ പ്രവൃത്തി നിലച്ചതും കോർപ്പറേഷൻ കൗൺസിലിൽ ചൂടുള്ള ചർച്ചയായി. തുടർച്ചയായി പൈപ്പ് പൊട്ടുന്നതിന് പരിഹാരം കാണാൻ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരായി ചർച്ച നടത്തുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ കൗൺസിൽ യോഗത്തെ അറിയിച്ചു. കുണ്ടുപ്പറമ്പ് - പുതിയങ്ങാടി റോഡിൽ തുടർച്ചയായി പൈപ്പ് പൊട്ടുന്ന സംഭവം എം. ശ്രീജ ശ്രദ്ധ ക്ഷണിച്ചതോടെയാണ് വിഷയം കൗൺസിൽ ചർച്ച ചെയ്തത്. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും ഉടൻ പരിഹാരം കാണണമെന്നും പ്രതിപക്ഷ നേതാവ് പി.എം. സുരേഷ്ബാബു ആവശ്യപ്പെട്ടു.

അമൃത് പദ്ധതിയുടെ ഭാഗമായി നഗരത്തിൽ നടക്കുന്ന നിർമാണ ഡ്രൈനേജ് നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണെന്നും മഴക്കാലത്തിന് മുമ്പ് പ്രവൃത്തി പൂർത്തിയാക്കണമെന്നും നവ്യ ഹരിദാസ് ശ്രദ്ധ ക്ഷണിച്ചു. പദ്ധതികൾ മുഴുവൻ മന്ദഗതിയിലാണെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. ടെൻഡർ നടപടിയിലൂടെ യോഗ്യരായ കരാറുകാരെ തന്നെയാണ് നിർമാണം ഏൽപ്പിച്ചതെന്നും സമയബന്ധിതമായി പ്രവ‌ൃത്തി ആരംഭിച്ചില്ലെങ്കിൽ കരാറുകാരെ പുറത്താക്കി റീ ടെൻഡർ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

നഗരത്തിൽ നടക്കുന്ന പത്ത് പ്രവൃത്തികളിൽ എട്ടെണ്ണത്തിന്റെയും കരാർ ഒരേ കമ്പനിക്കാണ്. തൊഴിലാളികളുടെയും നിർമാണ ഉപകരണങ്ങളുടെയും കുറവ് കരാറുകാർക്കുണ്ടെന്ന് ബോധ്യപ്പെട്ടതായി എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

എസ്.എസ്.എൽ.സി, പ്ലസ്ടു പാസ്സായവർക്ക് കേന്ദ്ര സർക്കാർ സ്‌കോളർഷിപ്പ് നൽകുന്നു എന്ന വ്യാജ വാർത്ത സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ കോർപ്പറേഷൻ പൊലീസിൽ പരാതി നൽകും.

കോഴിക്കോട്ട് സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചലച്ചിത്ര അക്കാഡമി മേഖലാ കേന്ദ്രത്തിന് ആനക്കുളം സംസാക്കാരിക കേന്ദ്രത്തിൽ സ്ഥലമനുവദിക്കാൻ യോഗം തീരുമാനിച്ചു. കെ.ടി.മുഹമ്മദ് മെമ്മോറിയൽ ഹാൾ വർഷത്തേക്ക് 6000 രൂപ വാടകക്ക് നൽകാനാണ് തീരുമാനം. വിവിധ വിഷയങ്ങളിൽ സി.കെ. സീനത്ത്, കറ്റടത്ത് ഹാജിറ, കെ.കെ. റഫീഖ്, വി. റഹിയ എന്നിവർ ശ്രദ്ധക്ഷണിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷന്മരാരായ എം. രാധാകൃഷ്ണൻ, എം.സി. അനിൽകുമാർ, പി.സി. രാജൻ, കെ.വി.. ബാബുരാജ്, ടി.വി. ലളിതപ്രഭ എന്നിവരും കൗൺസിലർമാരായ ഇ. പ്രശാന്ത്കുമാർ, ഉഷാദേവി, പി. കിഷൻചന്ദ്, പി.എം. നിയാസ്, ബീരാൻകോയ, സി. അബ്ദുറഹിമാൻ, കെ.സി. ശോഭിത എന്നിവരും സംസാരിച്ചു. ദേശീയ പാത വികസനത്തിനുള്ള നടപടി തുടരാൻ സംസ്ഥാന സർക്കാറിന് അവസരമുണ്ടാക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടണം എന്ന പി. കിഷൻചന്ദിന്റെ പ്രമേയം ആറിനെതിരെ 54 വോട്ടുകൾക്ക് പാസാക്കി. ബി.ജെ.പി അംഗങ്ങളാണ് എതിർത്തത്. സ്പിൽ ഓവർ തുക പൂർണമായും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുഹമ്മദ് ഷമീൽ അവതരിപ്പിച്ച പ്രമേയം കൗൺസിൽ പാസാക്കി.