കുറ്റ്യാടി: കഴിഞ്ഞ പ്രളയ കാലത്ത് അപകടാവസ്ഥയിലായ കുറ്റിയാടി ചുരം അറ്റകുറ്റപണികൾക്ക് നടപടി ഇല്ല. താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപെടുത്തിയതോടെ ചരക്ക് വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതും അപകടാവസ്ഥയിലായ കുറ്റിയാടി ചുരത്തിലൂടെയാണ്.
2018 ആഗസ്റ്റ് മാസത്തിലുണ്ടായ പേമാരിയിലും പ്രളയത്തിലും കുറ്റിയാടി ചുരത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഏറ്റവും ഉയരത്തിൽ കിടക്കുന്ന പത്താം വളവിലുൾപെടെ റോഡിനോട് ചേർന്ന് മണ്ണിടിച്ചലുണ്ടാവുകയും വിള്ളൽ രൂപപെടുകയും ചെയ്തു.
കുറ്റിയാടി ചുരം ഉൾപെടുന്ന കാവിലുംപാറ പഞ്ചായത്ത് ഭരണസമിതി ഉൾപെടെ നിരന്തരമായി ആവശ്യപെട്ടിട്ടും ചുരത്തിലെ അപകട സാദ്ധ്യത ഒഴിവാക്കാൻ യാതൊരു നടപടിയും പൊതുമരാമത്ത് വകുപ്പ് ചുരം ഡിവിഷൻ സ്വീകരിച്ചിട്ടില്ല.
ഇന്നലെ മുതൽ താമരശ്ശേരി ചുരത്തിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപെടുത്തിയതോടെ ചരക്ക് വാഹനങ്ങൾ കുറ്റിയാടി ചുരം വഴിയാണ് കടത്തി വിടുന്നത്. പത്താം വളവിൽ റോഡിൽ ഏറെ അപകട സാധ്യത നിലനിൽക്കുന്നതിനാൽ ഇതു വഴി ചരക്ക് വാഹനങ്ങൾ കൂടുതലായ് എത്തിയതോടെ അപകട സാദ്ധ്യത വർദ്ധിച്ചിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ ജോർജ് പറഞ്ഞു.
കുറ്റിയാടി ചുരത്തിലെ അപകട സാദ്ധ്യത ഒഴിവാക്കുന്ന കാര്യത്തിൽ തീരുമാനമാകാതെ ചുരത്തിൽ താഴ് വാരത്തെ താമസക്കാർക്ക് പോലും ഭീക്ഷണിയാകുന്ന രീതിയിൽ ചരക്ക് വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തിവച്ചില്ലെങ്കിൽ വാഹനങ്ങൾ ചുരത്തിൽ പ്രവേശിക്കുന്നിടത്ത് ജനകീയമായി തന്നെ തടയുമെന്ന് പഞ്ചായത്ത് അംഗങ്ങളും പറഞ്ഞു. മഴക്കാലമെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കുറ്റിയാടി ചുരത്തിൽ യാതൊരു അറ്റകുറ്റപണിയും നടത്താത്ത പൊതു മരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്