road

രാമനാട്ടുകര: രാമനാട്ടുകര നഗരത്തിൽ നാലും കൂടിയ ജംഗ്‌ഷനിൽ എയർപോർട്ട് റോഡിൽ വാട്ടർ അതോറിറ്റി ജല വിതരണ കുഴലിടാൻ കീറിയ കിടങ്ങ് വാഹനങ്ങൾക്കും നാട്ടുകാർക്കും ദുരിതമാവുന്നു. കിടങ്ങു കീറി പൈപ്പിട്ട് മെറ്റലിട്ട് മൂടിയതിനു മുകളിൽ ടാർ ചെയ്യാത്തതിനാൽ മുകളിൽ ഇട്ട മെറ്റൽ ഇളകി കിടങ്ങ് വലിയ കുഴിയായി മാറിയിട്ട് ദിവസങ്ങളായി. ഈ കുഴിയിൽ വാഹനങ്ങൾ ചാടുന്നത് പതിവാണ്. ഡ്രൈവർമാർ പെട്ടെന്ന് കാണുന്ന ഈ കിടങ്ങിൽ നിന്നും രക്ഷപ്പെടാൻ പെട്ടന്ന് ബ്രെക്കിടുന്നത് അപകടങ്ങൾക്ക് വഴി വെക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ബൈക്ക് ഇതിൽ പെട്ട് തെന്നി വീണിരുന്നു. ഇന്നലെ ഉച്ചക്ക് ടിപ്പർ ലോറി ആക്സിൽ ഒടിഞ്ഞു ഏറെ നേരം അങ്ങാടിയിൽ ഗതാഗത കുരുക്ക് ഉണ്ടായി. എയ്ഡ് ​പൊലീസ് എസ് ഐ. സി.കെ അരവിന്ദന്റെ നേതൃത്വത്തിൽ ട്രാഫിക് പൊലീസ് ക്രെയിൻ എത്തിച്ചാണ് ഗതാഗത കുരുക്ക് ഇല്ലാതാക്കിയത് . ഈ കിടങ്ങ് കാരണം അങ്ങാടിയിൽ ഏതു സമയവും ട്രാഫിക് കുരുക്കാണ്. പൊടി ശല്യം വേറെയും. സമീപത്തെ വ്യാപാരികൾക്കും കാൽ നടയാത്രക്കാർക്കും ഇത് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഏറെ തിരക്കുള്ള എയർപോർട്ട് റോഡിൽ കിടങ്ങുകൾ ഉണ്ടാക്കുമ്പോൾ എത്രയും വേഗം പണി പൂർത്തീകരിച്ച് ടാർ ചെയ്ത് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുക്കാരുടെ അഭിപ്രായം.