കോഴിക്കോട്: കോർപ്പറേഷൻ കാന്റീനിൽ ഇനി ഇന്ത്യൻ കോഫി ഹൗസ് ഭക്ഷണം വിളമ്പും. ഓഫീസ് പരിസരത്തെ നവീകരിച്ച കാന്റീൻ നടത്തുന്നതിന് ഇന്ത്യൻ കോഫി ഹൗസിനെ കോർപ്പറേഷൻ ചുമതലപ്പെടുത്തി. നിർമാണ പ്രവർത്തനം പൂർത്തിയായ കെട്ടിയത്തിൽ ഈമാസം അവസാനം ഇന്ത്യൻ കോഫി ഹൗസിന്റെ പുതിയ ശാഖ പ്രവർത്തനം ആരംഭിക്കും.

പ്രതിമാസം 25000 രൂപയും ജി.എസ്.ടിയുമാണ് വാടക. മൂന്ന് മാസത്തെ വാടകയ്ക്ക് തുല്യമായ തുക ഡെപ്പോസിറ്റായി ഈടാക്കും. വൈദ്യുതി വെള്ലം എന്നിവയ്ക്കുള്ള തുക കോഫി ഹൗസ് അടയ്ക്കും. കോർപ്പറേഷൻ ജീവനക്കാർക്കും കൗൺസിലർമാർക്കും സബ്സിഡി ലഭിക്കും. കോഫി ഹൗസിന്റെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ സ്റ്റിയറിംഗ് കമ്മിറ്റി ഡെപ്യൂട്ടി മേയർ മീരദർശകിനെയും ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജിനെയും ചുമതലപ്പെടുത്തിയിരുന്നു. ഇന്നലെ ചേർന്ന കൗൺസിൽ യോഗം അനുമതി നൽകി. വാടക നിരക്ക് കുറവാണെന്ന വാദം പ്രതിപക്ഷ അംഗങ്ങൾ ഉയർത്തിയെങ്കിലും പ്രവർത്തന പാരമ്പര്യവും സൊസൈറ്റി എന്ന പരിഗണനയും നൽകിയാണ് കോഫി ഹൗസിനെചുമതല ഏൽപ്പിച്ചതെന്ന് മേയർ പറഞ്ഞു

@ ജീവനക്കാർക്കും കൗൺസിലർമാർക്കും സൗജന്യ നിരക്ക്

കോർപ്പറേഷൻ ജീവനക്കാർക്കും കൗൺസിലർമാർക്കും സൗജന്യ നിരക്കിൽ ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് ആഹാരം കഴിക്കാം. നവീകരണത്തിന്റെ ഭാഗമായി ഏറെ കാലം പൂട്ടിക്കിടന്ന ശേഷമാണ് കാന്റീൻ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത്. രാവിലെ എട്ടുമുതൽ രാത്രി പത്ത് വരെയാണ് പ്രവർത്തന സമയം.

@ സൗജന്യ നിരക്ക് - സാധാരണ നിരക്ക് ബ്രാക്കറ്റിൽ

ഊൺ 30 ( 45)

ചായ 7 (9)

കാപ്പി 8 (11)

ഇഡ്ഡലി 6(8)

വട 7(10)

നെയ്റോസ്റ്റ് 25(30)

മസാലദോശ 30 (37)

കട്ലെറ്റ് 8(11)

പഴംപൊരി 7(10)

പൊറോട്ട 7( 9)

ചപ്പാത്തി 6(8)