മാനന്തവാടി: മാനന്തവാടിയിൽ 25 മുതൽ ഗതാഗത പരിഷ്‌കരണം നടപ്പാക്കാൻ ഗതാഗത ഉപദേശകസമതിയോഗം തിരുമാനിച്ചു. ടൗണിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതോടെ ഗതാഗതനിയമം ലംഘിക്കുന്നത് തടയാൻ കഴിയുമെന്ന് യോഗം വിലയിരുത്തി.
അയൽ ജില്ലകളിലേക്കുള്ള ദീർഘദൂര ബസുകൾ നഗരസഭാ ബസ് സ്റ്റാന്റിൽ നിന്ന് യാത്ര പുറപ്പെടും. കോഴിക്കോട്,കുറ്റ്യാടി ഭാഗത്തേക്കുള്ള ബസുകൾ ടൗണിൽ പ്രവേശിക്കാതെ പൊലീസ് സ്റ്റേഷന് മുൻവശത്തുള്ള റോഡ് വഴി പോകണം. ടൗണിൽ പ്രവേശിക്കുന്ന ബസുകൾ കോഴിക്കോട് റോഡിലെ ബസ് സ്റ്റോപ്പിൽ മാത്രം ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യും. ബസുകൾ പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രമേ ബസ് സ്റ്റാന്റിൽ പ്രവേശിക്കാൻ അനുവദിക്കൂ.പോസ്റ്റ് ഓഫീസ് കവലയിലെ ബസ് സ്റ്റോപ്പ് എയിംസ് പി.എസ്.സി.പരിശീലന കേന്ദ്രത്തിന് സമീപത്തേക്ക് മാറ്റും. തലശ്ശേരി റോഡിലെ രണ്ടുവരി ഓട്ടോസ്റ്റാന്റ് ഒറ്റവരിയാക്കും.ബസ് സ്റ്റാന്റിന് മുമ്പിലുള്ള ഓട്ടോറിക്ഷാ സ്റ്റാന്റ് നിലവിലുള്ള ടൂറിസ്റ്റ് ടാക്സി സ്റ്റാന്റ് നിൽക്കുന്നിടത്തേക്ക് മാറ്റും. ടൂറിസ്റ്റ് ടാക്സി സ്റ്റാന്റ് താലൂക്ക് ഓഫീസ് പരിസരത്തേക്ക് മാറ്റും. മൈസൂരു റോഡ് വഴി കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ചരക്ക് വാഹനങ്ങൾ ചെറ്റപ്പാലം ബൈപ്പാസ് കൊയിലേരി റോഡിലേക്ക് തിരിച്ച് വിടും. ഗാന്ധി പാർക്ക് ഭാഗത്തുനിന്ന് പ്രവേശിച്ച് ചൂട്ടക്കടവ് ഭാഗത്തേക്ക് പോകുന്ന തരത്തിൽ ടൗൺ ഹാൾ റോഡ് വൺവേ ആക്കും.
രാവിലെ 8.30 മുതൽ 10.30 വരെയും വൈകീട്ട് 3.30 മുതൽ 5 വരെയും ടൗണിൽ കയറ്റിറക്ക് അനുവദിക്കില്ല. രാത്രി പ്രവർത്തിക്കുന്ന തട്ടുകടകളുടെ സമയം രാത്രി ഒരുമണി വരെ ദീർഘിപ്പിക്കും. രാത്രി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഗാന്ധി പാർക്കിൽ തലശ്ശേരി റോഡിൽ സ്റ്റാന്റ് അനുവദിക്കും.ഇവിടെ ക്യൂ സിസ്റ്റം നിർബന്ധമാക്കും. ചൂട്ടക്കടവ് റോഡിലെ ജീപ്പ് സ്റ്റാന്റ് സി.എസ്.ഐ ഷോപ്പിങ് കോംപ്ലക്സിന് താഴെ ഭാഗത്തേക്ക് മാറ്റും. താഴെപമ്പിൽനിന്ന് ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളെ യു ടേൺ എടുക്കാൻ അനുവദിക്കില്ല. നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. സബ്ബ് കളക്ടർ എൻ.എസ്.കെ.ഉമേഷ്, മാനന്തവാടി സി.ഐ.പി.കെ.മണി, സെപ്യൂട്ടി തഹസിൽദാർ പി.യു.സിതാര, അസി. ടൗൺ പ്ലാനിങ്ങ് ഓഫീസർ കെ.രഞ്ജിത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.