കൽപ്പറ്റ: എൽസ്റ്റൺ എസ്റ്റേറ്റിലെ തൊളിലാളികൾക്ക് ശമ്പളവും സർവ്വീസ് ബോണസ്,മെഡിക്കൽ ആനുകൂല്യങ്ങൾ,പുതപ്പ് കുടിശ്ശിക,പി.എഫ്. തുക എന്നിവയും കൊടുക്കാത്ത മാനേജ്‌മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് തൊഴിലാളികൾ എൽസ്റ്റൺ എസ്റ്റേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. പതിനഞ്ചാം തിയ്യതിക്ക് ശമ്പളം നൽകാമെന്ന് കോഴിക്കോട് ആർ.ജെ.എൻ.സി. മുമ്പാകെ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ കരാർ മാനേജ്‌മെന്റ് ലംഘിച്ചതായി തൊഴിലാളികൾ ആരോപിച്ചു.എസ്റ്റേറ്റ് മാനേജ്‌മെന്റ് ലേബർ ആക്റ്റ് നിയമങ്ങൾ കാറ്റിൽ പറത്തി തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി പറഞ്ഞു.
16ന് തൊഴിലാളികൾ ജില്ലാ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തുമെന്നും 20ന് തൊഴിലാളികൾ ഭൂമി കൈവശപ്പെടുത്തി ചപ്പ്പറിച്ച് വിൽക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. യോഗത്തിൽ സമരസമിതി ചെയർമാൻ ഇ.മുഹമ്മദ് ബാവ അദ്ധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ യു.കരുണൻ,എൻ വേണു,എൻ.ഒ ദേവസ്യ,കെ.സെയ്തലവി,സാംപി മാത്യു എന്നിവർ സംസാരിച്ചു.സി.എച്ച്.മജീദ്,എം.സുരേഷ്,എ.ആലി,കെ.സൈനുദ്ദീൻ,എം.സുബ്രഹ്മണ്യൻ,പി.മുഹമ്മദലി,നാഗൻ എന്നിവർ നേതൃത്വം നൽകി.