മാനന്തവാടി: മാനന്തവാടിയിലെ കുടിവെള്ള പ്രശ്നത്തിൽ വാട്ടർ അതോറിട്ടിക്ക് സബ്ബ് കളക്ടർ എൻ.എസ്.കെ.ഉമേഷ് താക്കീത് നൽകി. ഇന്നലെ മാനന്തവാടി നഗരസഭയിൽ നടന്ന ട്രാഫിക്ക് ഉപദേശക സമിതി യോഗത്തിലാണ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്ക് സബ്ബ് കളക്ടറുടെ താക്കീത് ലഭിച്ചത്.
നാട്ടിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോൾ വാട്ടർ അതോറിട്ടി എൻജീനീയർ ഉൾപ്പെടെ ഉള്ളവരുടെ അനാസ്ഥക്കെതിരെയായിരുന്നു സബ്ബ് കളക്ടറുടെ താക്കിത്.
മാനന്തവാടിയിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരത്തിൽ താലൂക്കിലെ വിവിധ മേഖലകളിൽ കുടിവെള്ളം മുടങ്ങുന്നത് പതിവാണ്.കുടിവെള്ളം കിട്ടാത്തതു സംബന്ധിച്ച് നിരവധി പരാതികളാണ് ദിവസേന വരുന്നത്. ചൂട്ടക്കടവിലെ വാട്ടർ അതോറിട്ടി ഓഫീസ് സ്ഥിരം സമരകേന്ദ്രമായി മാറി.
ഈ സാഹചര്യത്തിൽ ഇന്നലെ ചേർന്ന ട്രാഫിക്ക് ഉപദേശക സമിതി യോഗത്തിലാണ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥനോട് സബ്ബ് കളക്ടർ ഇക്കാര്യം ഓർമ്മിപ്പിച്ചത്.പരാതികൾ നിരന്തരം ഉയരുന്ന സാഹചര്യത്തിൽ വാട്ടർ അതോറിട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും സബ്ബ് കളക്ടർ പറഞ്ഞു.