മാനന്തവാടി: സ്‌പെയർ പാട്സും ടയറുമില്ലാതെ കെ.എസ്.ആർ.ടി.സി. ബസ്സുകൾ കട്ടപ്പുറത്താവുന്നത് പതിവാകുന്നു. മാനന്തവാടി ഡിപ്പോയിൽ 26 ബസ്സുകൾ കട്ടപ്പുറത്താണ്. ബസ്സുകൾ ഇല്ലാത്തതിനാൽ ഗ്രാമീണ മേഖലയിലടക്കം സർവ്വീസുകൾ മുടങ്ങുന്നത് പതിവായി. യാത്രക്കാർ ദുരിതത്തിലുമായി.
മാനന്തവാടി ഡിപ്പോയിൽ 118 ബസ്സുകളാണ് ഉള്ളത് ഇതിൽ ദിവസേന 99 സർവ്വീസുകളാണ് നടത്തേണ്ടത്. 26 ബസ്സുകൾ കട്ടപ്പുറത്താകുമ്പോൾ സർവ്വീസുകൾ നടത്താൻ കഴിയാത്ത അവസ്ഥയാണ്. സർവ്വീസ് മുടങ്ങുന്നതിനാൽ ഗ്രാമീണ മേഖലയിലടക്കം യാത്രാദുരിതം ഏറി വരികയാണ്. സ്‌കൂൾ തുറക്കുന്നതോടെ സർവ്വീസുകൾ മുടങ്ങിയാൽ വിദ്യാർത്ഥികൾക്കും യാത്ര ദുരിതമാവും.
മാസങ്ങൾക്ക് മുൻപ് ഡീസൽ ക്ഷാമത്തെ തുടർന്ന് സർവ്വീസുകൾ മുടങ്ങിയതിനാൽ പൊതുജനങ്ങൾക്ക് ഏറെ യാത്രാദുരിതം അനുഭവപ്പെട്ടിരുന്നു. അധികൃതർ മുൻകൈ എടുത്ത് സ്‌പെയർ പാട്സും മറ്റും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരുടെ യാത്രയും കട്ടപ്പുറത്താകും.