കൊയിലാണ്ടി: കടലിൽ മീനില്ലാതായതോടെ കടലോരവും കൊയിലാണ്ടി അങ്ങാടിയും ശൂന്യമായ അവസ്ഥയിലായി. 2017 ജുൺ മാസം മുതലാണ് കടലിൽ മീനില്ലാത്ത അവസ്ഥയുണ്ടാകുന്നത്. സ്‌കൂളുകളും കോളേജും തുറക്കാറായതോടെ തീരപ്രദേശം ആശങ്കയിലാണ്. വീട്ടിലെ ആഭരണങ്ങൾ പണയപ്പെടുത്തിയും വിറ്റുമാണ് ഇത്രയും കാലം ഇവിടത്തെ ചിലവ് കഴിഞ്ഞത്. കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തെ 'ആശ്രയിച്ച് കഴിയുന്നവർ ഏറെയാണ്. തട്ടുകട ,ചായ കടകൾ, ലോട്ടറി വില്പന, ഐസ് ഫാക്ടറി ഇങ്ങനെ നിരവധിയാളുകൾ ഉപ ജീവനം കണ്ടെത്തുന്നത് ഈ മേഖലയിലാണ്. പണിയുള്ളപ്പോൾ പണം ചെലവഴിക്കുന്നതിന് ഒരു മടിയും ഇല്ലാത്തവരാണ് മത്സ്യതൊഴിലാളികൾ. പ്രളയത്തെ തുടർന്നാണ് മീൻ തീരെ കിട്ടാതായതെന്നാണ് തൊഴിലാളികൾ പറയുന്നത്. അശാസ്ത്രീയമായ മത്സ്യബന്ധനം, മാലിന്യം തള്ളൽ എന്നിവയും തൊഴിലിനെ പ്രതികൂലമായി ബാധിക്കുന്നതായി ഇവർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം കടലിന്റെ ഘടനയെ തന്നെ താറ് മാറാക്കിയെന്നാണ് മുതിർന്ന മത്സ്യബന്ധന തൊഴിലാളികൾ പറയുന്നത്. കടലോര മേഖലയെ ആശങ്കയിലാക്കുന്നതാണ് രണ്ട് വർഷങ്ങളായുള്ള അനുഭവങ്ങൾ.
പലരും പുതിയ തൊഴിൽ മേഖല ലക്ഷ്യം വെച്ച് നീങ്ങി തുടങ്ങിയിട്ടുണ്ട്. ഡ്രൈവിംഗ്, സെക്യൂരിറ്റി, സെയിൽസ് ഗേൾ എന്നിവയിലേക്ക് കൊയിലാണ്ടിയിൽ നിന്ന് ഏറെ പേർ എത്തിക്കഴിഞ്ഞു. ബാങ്കിന്റേയും പ്രൈവറ്റ് ഫിനാൻസ് കമ്പനിയുടേയും പിടിയിലാണ് ഇന്ന് ഇവിടുത്തെ അധികം പേരും. പ്രതിസന്ധി തുടരുകയാണെങ്കിൽ കടലോര ജീവിതം ചീട്ടുകൊട്ടാരം പോലെ തകരും.
നഗരസഭ നടപ്പിലാക്കുന്ന പദ്ധതികൾ പരമ്പരാഗത രീതിയിലുള്ളവയാണ്. എന്നാൽ പുതിയ കാലത്തെ നേരിടാൻ ഇവയ്ക്കി കഴിയില്ല. ഇന്നും പഴയ കാലത്തെ സംവിധാനങ്ങളാണ് കടലോരത്ത്. അരയ സമാജങ്ങളും പള്ളികമ്മറ്റികളുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ആധുനിക തൊഴിലാളി സംഘടനകൾ ഇവടെ എത്തിനോക്കിയിട്ടില്ല.