കൽപ്പറ്റ: തൊവരിമല ഭൂസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർണാടകയിലെ എല്ലാ ജില്ലകളിലും കാമ്പയിൻ നടക്കും. കല്പറ്റ സിവിൽ സ്റ്റേഷന് മുന്നിലെ സമരപ്പന്തലിൽ സമരത്തെ അഭിവാദ്യം ചെയ്യാനെത്തിയ അഖിലേന്ത്യാ വിപ്ലവ കർഷക സംഘടന കേന്ദ്ര കമ്മറ്റി അംഗവും കർണാടക സംസ്ഥാന സെക്രട്ടറിയുമായ നിർവാണപ്പയാണ് ഇക്കാര്യം അറിയിച്ചത്.സമരപ്പന്തലിലെ റിലേ നിരാഹാരം 8ാം ദിവസം കടന്നു.
അതേസമയം റവന്യൂ മന്ത്രിയുടെ നിർദ്ദേശപ്രകാരം കലക്ടർ ഇന്നലെ വിളിച്ചു ചേർത്ത ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. 29 ന് റവന്യൂ സെക്രട്ടറി വിളിച്ചു ചേർക്കുന്ന കളക്ടർമാരുടെ യോഗത്തിൽ വയനാട് ജില്ലയിലെ ആദിവാസികൾക്ക് വീട് വെക്കാനുള്ള ഭൂമി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അതിനാൽ സമരം പിൻവലിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു. എന്നാൽ ആദിവാസികളും ദളിതരും തോട്ടം തൊഴിലാളികളും ഉൾപ്പെടെയുള്ള മുഴുവൻ ഭൂരഹിതർക്കും രണ്ട് ഏക്കർ കൃഷിഭൂമിയും പാർപ്പിടവും ഉറപ്പാക്കുക, സമര സമിതി നേതാക്കൾക്കെതിരെ സർക്കാർ ചുമത്തിയിട്ടുള്ള കള്ളക്കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും സമരം ശക്തമായി തുടരുമെന്നും സമരസമിതിയും വ്യക്തമാക്കി. എം കെ ദാസൻ ,എ എം സ്മിത, ആദിവാസി കുടുംബ പ്രതിനിധികളായ വെളിയൻ, ജാനകി, കല്യാണി എന്നിവർ കളക്ടറുമായുള്ള ചർച്ചയിൽ പങ്കെടുത്തു.