കോഴിക്കോട്: ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മരുതോങ്കര സാംസ്‌കാരിക നിലയത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിന്റെയും മരുതോങ്കര ഗ്രാമപഞ്ചായത്തിന്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി അദ്ധ്യക്ഷത വഹിച്ചു. അഡിഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാ ദേവി മുഖ്യപ്രഭാഷണം നടത്തി. ഡെങ്കിപനിയെ കുറിച്ചും അതിന്റെ പ്രതിരോധ മാർഗങ്ങളെ കുറിച്ചും ഡോ. ആശാദേവി വിശദീകരിച്ചു. കൊതുകു നിയന്ത്രണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും പ്രവർത്തനങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഡോ. ആശാദേവി പറഞ്ഞു.
ദിനാചരണത്തോടനുബന്ധിച്ച് രാവിലെ വാർഡ് തലത്തിൽ ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ തുടരാനും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ജി. ജോർജ്ജ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.പി. ബാബുരാജ്, വാർഡ് മെമ്പർ അബ്ദുൾ ലത്തീഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ്, പത്മിനി സുഗുണൻ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ മലേറിയ ഓഫീസർ കെ പ്രകാശ്കുമാർ വിഷയാവതരണം നടത്തി. കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. ഷാജഹാൻ ദിനാചരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ മാസ്മീഡിയ ഓഫീസർ എം.പി. മണി, ബേബി നാപ്പള്ളി, കെ.ടി. മോഹനൻ, പി.കെ. കുമാരൻ, ഡോ. ലതിക, സുരേഷ്‌കുമാർ തുടങ്ങിയ ജില്ലാതല പ്രോഗ്രാം ഓഫീസർമാർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകർ, ആശ, അങ്കണവാടി, കുടുംബശ്രീ, മറ്റ് സന്നദ്ധ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. മരുതോങ്കര പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ് സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ പി.പി. നാരായണൻ നന്ദിയും പറഞ്ഞു.