പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം നടത്തുന്നതിനുള്ള ഡി. ആൻറ്. ഒ ലൈസൻസ് നൽകരുതെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരാഴ്ച്ചയായി നടത്തിവന്ന ഗ്രാമപഞ്ചായത്തോഫീസ് ഉപരോധസമരം അവസാനിപ്പിച്ചു . ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച്ച നടക്കുന്ന ഹിയറിംഗിൽ ധൃതി പിടിച്ചുള്ള തീരുമാനമുണ്ടാവില്ലെന്നും സ്ഥലം സന്ദർശിച്ചു ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കുമെന്ന് സർവ്വകക്ഷി യോഗത്തിൽ കളക്ടർ ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത് .
ഖനനത്തിന് നൽകിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ഹൈക്കോടതിയിൽ നൽകിയ കേസ് തീർപ്പാകുന്നതുവരെ ഹിയറിംഗ് മാറ്റിവെക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 7 ദിവസമായി ഗ്രാമപഞ്ചായത്തോഫീസിനു പുറമെ കോമ്പൗണ്ടിലുള്ള കൃഷിഭവൻ, മൃഗാശുപത്രി, അംഗൻവാടി എന്നിവയും അടഞ്ഞുകിടക്കുകയായിരുന്നു. ഉപരോധസമരത്തിന് പഞ്ചായത്ത് ഭരണസമിതിയും വിവിധ രാഷ്ട്രീയ പാർട്ടികളും പിൻതുണ പ്രഖ്യാപിച്ചതോടെ സമരം ശക്തമായി.ചെങ്ങോട് മലയിലെ 120 ഏക്കറോളം സ്ഥലത്തെ ഖനന നീക്കമാണ് വിവാദമായത് .സമരത്തിന്
ഐക്യദാർഢ്യവുമായി കവി വീരാൻ കുട്ടി, സി. ആർ. നീലകണ്ഠൻ, ഇ. പി. അനിൽ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക കലാരംഗത്തുള്ള നിരവധി പേർ എത്തിയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയും നൊച്ചാട് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ. എസ്. എസ്. യൂണിറ്റും കഴിഞ്ഞ ദിവസം സമരപന്തലിലെത്തി പിൻതുണ അറിയിച്ചു. സ്ത്രീകളും കുട്ടികളുമുൾപെടെ നൂറുക്കണക്കിന് ഗ്രാമീസമരത്തിനെത്തി . സാന്നിധ്യമാണ് സമരത്തിന്റെ മറ്റൊരു പ്രത്യേകത.. നിത്യേന ഇരുന്നൂറിലധികം ആളുകൾക്ക് ഭക്ഷണം സമരപന്തലിനു സമീപത്തു വെച്ചു തന്നെ ഉണ്ടാക്കി വിതരണം ചെയ്തു. കൈക്കുഞ്ഞുങ്ങളുമായാണ് അമ്മമാർ സമരത്തിനെത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ കാറാങ്ങോട്ട് കലക്ടറുമായുള്ള ചർച്ചയിലെ തീരുമാനം അറിയിച്ചതോടെയാണ് സമരം അവസാനിച്ചത്. കവി വീരാൻ കുട്ടി, നരയംകുളം എ. യു. പി. സ്‌കൂൾ റിട്ട: പ്രധാനാധ്യാപിക ഇ. വത്സല, ഗ്രാമ പഞ്ചായത്തംഗം കെ. വി. സുരേഷ്, കേശവൻ നമ്പൂതിരി, വി. എം. അഷ്രഫ്, സിന്ധു കോളിക്കടവ്, കെ. കെ. ഗഫൂർ, നാഗത്ത് അമ്മതു കുട്ടി, ശോഭരാജൻ തുടങ്ങിയവർ സംസാരിച്ചു. രാജൻ നരയംകുളം അദ്ധ്യക്ഷത വഹിച്ചു.

സമരം അവസാനിപ്പിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറാങ്ങോട്ട് സംസാരിക്കുന്നു.