അമ്പലവയൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലവയൽ യൂണിറ്റിൽ പിളർപ്പ്. ഒരു വിഭാഗം വ്യാപാരികൾ യൂണിറ്റ് വിട്ട് സമാന്തര കമ്മിറ്റി രൂപീകരിച്ചു. യൂണിറ്റ് മുൻ വൈസ് പ്രസിഡന്റ് അനീഷ് ബി നായരുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം അടിയന്തര യോഗം ചേർന്ന് സമാന്തര കമ്മിറ്റി രൂപീകരിച്ചത്.
ഇന്നലെ അമ്പലവയൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് തൊണ്ണൂറോളം വരുന്ന വ്യാപാരികൾ പങ്കെടുത്ത അടിയന്തര യോഗം ചേർന്നത്.ഈ യോഗത്തിൽ സമാന്തര കമ്മിറ്റിയുടെ ചെയർമാനായി അനീഷ് ബി നായരേയും, കൺവീനറായി മിക്കി നാസറിനെയും തിരഞ്ഞെടുത്തു.പി എസ് വിജയൻ ട്രഷറായി ഇരുപത്തി ഒന്ന് അംഗ കമ്മിറ്റി രൂപീകരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ യൂണിറ്റ് പ്രസിഡന്റിന്റെ ഏകാധിപത്യ നടപടികളാണ് പിളർപ്പിലേക്ക് വഴിവെച്ചതെന്ന് അനീഷ് ബി നായർ പറഞ്ഞു.
കഴിഞ്ഞ മാസം ഏകോപനസമിതിയുടെ ദ്വിവാർഷികാനന്തര ജനറൽ ബോഡിയോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് അംഗങ്ങളുടെ താത്പര്യങ്ങൾക്കും സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധവുമായാണെന്ന് അനീഷ് പറഞ്ഞു. ഏകപക്ഷീയമായാണ് തിരഞ്ഞെടുപ്പ് നടന്നത്. ജനറൽ ബോഡിയിൽ അനുമതി ലഭിക്കാത്ത പദ്ധതികൾ നടപ്പിലാക്കി കടക്കെണിയിലായ വ്യാപാരികളെ വീണ്ടും ബാധ്യതയിലേക്ക് തള്ളിവിടാനുള്ള പ്രവർത്തനങ്ങളാണ് നിലവിലുള്ള കമ്മറ്റി നടപ്പിലാക്കുന്നതെന്നും സമാന്തര കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി. അമ്പലവയലിലെ മുഴുവൻ വ്യാപാരികളെയും പങ്കെടുപ്പിച്ച് വിപുലമായ കൺവെൻഷൻ ചേരും.
എന്നാൽ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് പുറത്താക്കപ്പെട്ടവരാണ് പുതിയ കമ്മിറ്റിക്ക് പിന്നിലെന്ന് യൂണിറ്റ് പ്രസിഡന്റും ജില്ലാ ജനറൽ സെക്രട്ടറിയുമായ ഒ.വി.വർഗീസ് പറഞ്ഞു.