കോഴിക്കോട്: നന്നാങ്ങാടികളെ മിക്ക കുട്ടികളും ആദ്യമായാണ് നേരിട്ടു കാണുന്നത്. ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള ടെറക്കോട്ട ശില്പങ്ങളെ അടുത്തറഞ്ഞവർക്ക് അതിന്റെ അമ്പരപ്പും കൗതുകവും. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കാലിക്കറ്റ് യൂണിവേഴിസിറ്റിയിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ചരിത്രക്യാമ്പിലാണ് പുരാവസ്തുക്കളെയും പുരാരേഖകളെയും അടുത്തറിയാൻ കുട്ടികൾക്ക് അവസരമുണ്ടായത്. ലോകത്തെ ഏറ്റവും പഴക്കമുള്ള ചരിത്രമറിയാൻ ഭൂമിയിലേക്കല്ല, ആകാശത്തേക്കാണ് നോക്കേണ്ടത് എന്ന തിരിച്ചറിവ് കുട്ടികളെ അത്ഭുതപ്പെടുത്തി. രാത്രി നടന്ന ആകാശനിരീക്ഷണസെഷനിലാണ് നമ്മൾ നേരിട്ടു കാണുന്ന നക്ഷത്രങ്ങളും ടെലിസ്‌കോപ്പിലൂടെ കാണുന്ന ഗാലക്‌സികളും കോടിക്കണക്കിനു വർഷങ്ങൾ മുൻപുള്ള ചരിത്രമാണ് എന്നു തിരിച്ചറിഞ്ഞത്. കേരള ചരിത്രത്തിലെ കൗതുതക്കാഴ്ചകളിലൂടെയും മലയാളഭാഷയുടെയും ആയുർവേദ പാരമ്പര്യത്തിന്റെയും ചരിത്രത്തിലൂടെയും കുട്ടികൾ കടന്നുപോയി.
മൂന്നു ദിവസത്തെ സഹവാസക്യാമ്പിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതു കുട്ടികൾ പങ്കെടുത്തു. ക്യാമ്പിന്റെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം 16നു വൈകിട്ട് ക്യാമ്പിന്റെ നോഡൽ ഓഫീസറും കാലിക്കറ്റ് സർവകലാശാല ഫിസിക്‌സ് വിഭാഗം അദ്ധ്യാപകനുമായ ഡോ. മുഹമ്മദ് ഷാഹിൻ നിർവ്വഹിച്ചു. ക്യാമ്പ് ഡയറക്ടറും മലയാള സർവകലാശാല ചരിത്രവിഭാഗം മേധാവിയുമായ ഡോ. മഞ്ജുഷ ആർ വർമ്മ അദ്ധ്യക്ഷയായിരുന്നു. ക്യാമ്പ് അവലോകനവും കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു. ആർട്ടിസ്റ്റ് അജീഷ് പുരുഷോത്തമൻ അവതരിപ്പിച്ച കുത്തിവര കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗതുകമായി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരായ ജെ എൻ സെലിൻ, നവനീത് കൃഷ്ണൻ എസ് എന്നിവർ സംസാരിച്ചു.