കോഴിക്കോട്: കോഴിക്കോട് ബീച്ച് അടിമുടി മാറ്റത്തിനൊരുങ്ങുന്നു. വിനോദമേഖലയ്ക്കൊപ്പം സാംസ്‌കാരിക കേന്ദ്രം കൂടിയാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് ബീച്ചിൽ ഊന്നൽ നൽകുന്നത് . കൾച്ചറൽ, സ്‌പോർട്‌സ്, ഫാമിലി, യൂത്ത് എന്നീ വിഭാഗങ്ങളിലാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കോർപ്പറേഷനുമാണ് മേൽനോട്ടം വഹിക്കുന്നത്. നാല് കോടിയാണ് മൊത്തം പദ്ധതി ചെലവ്. തുറമുഖവകുപ്പിന്റെയും കോർപ്പറേഷന്റെയും കീഴിലുള്ള ഉപയോഗിക്കാത്ത കെട്ടിടങ്ങൾ പദ്ധതിക്കായി പ്രയോജനപ്പെടുത്തും. കലാസാംസ്‌കാരിക പരിപാടികൾക്ക് സ്ഥിരം വേദിയൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡി.ടി.പി.സി. സെക്രട്ടറി സി.പി ബീന പറഞ്ഞു.
#മോടിപിടിപ്പിച്ച് ബീച്ചിലെ ലൈറ്റ് ഹൗസ്
ബീച്ചിലെ ലൈറ്റ് ഹൗസ് നവീകരണം അവാസന ഘട്ടത്തിലേക്ക്. ഒരു മാസത്തിനുള്ളിൽ പണി പൂർത്തികരിക്കും. കാട് മൂടി നശിച്ച നിലയിലായിരുന്നു ലൈറ്റ് ഹൗസ്.മരത്തിന്റെ വേരുകളിറങ്ങി സോളാർ പാനൽ അടക്കമുള്ളവ ഇളകി പോയ അവസ്ഥയിലായിരുന്നു. ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ നവീകരണം ആരംഭിച്ചതോടെ ലൈറ്റ് ഹൗസിന് പുതുവെളിച്ചം ലഭിച്ചു.ലൈറ്റ് ഹൗസിനോട് ചേർന്ന് ലാന്റ് സ്‌കേപ്പും നിർമിക്കുന്നുണ്ട്. ലൈറ്റ് ഹൗസിന്റെ നാലു ഭാഗത്തായാണ് ലാന്റ് സ്‌കേപ്പ് നിർമാണം. ചുറ്റുമതിലിലുകളും ലൈറ്റ് ഹൗസിന്റെ ഏതു ഭാഗത്തു നിന്നുമുള്ളവർക്കും കയറാനായി നാല് ഗേറ്റുകളും വെച്ചിട്ടുണ്ട്. ലൈറ്റ് ഹൗസിന്റെ പെയിന്റിംഗ് , ഇലക്ട്റിക് ജോലികൾ എന്നിവയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.ലൈറ്റ് ഹൗസിനു ചുറ്റുമതിലും പണിതു. രാജ്യത്തെ തന്നെ ഏറ്റവും പഴയ ലൈറ്റ് ഹൗസുകളിലൊന്നാണ് കോഴിക്കോട് ബീച്ചിലേത്. 1847ൽ 33 മീററർ ഉയരത്തിൽ പണിത കോഴിക്കോട്ടെ വിളക്കുമാടം 1907ൽ 15 മീറ്ററാക്കി ചുരുക്കുകയായിരുന്നു. 2008ൽ സ്ഥാപിച്ച സോളാർ എൽ.ഇ.ഡിയാണ് ഇപ്പോൾ വെളിച്ചമേകുന്നത്. മാർച്ചിലാണ് ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. അടുത്തമാസത്തോടെ പണി പൂർത്തിയാക്കും.
#കലയുടെ ഇടം..
കോസ്റ്റൽ വകുപ്പിന്റെ നേതൃത്വതിൽ ബീച്ചിൽ നടക്കുന്ന സ്റ്റേജ് നിർമ്മാണം പുരോഗമിക്കുകയാണ്. എല്ലാവർഷവും നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിനുള്ള സ്ഥിരംവേദി ഒരുക്കുകയെന്ന ആവശ്യമാണ് കൾച്ചറൽ ബീച്ചെന്ന പേരിൽ യാഥാർഥ്യമാകുന്നത്. 2.5 കോടി രൂപ ചെലവഴിച്ചാണ് ബീച്ചിലെ ഓപ്പൺ സ്റ്റേജ് പുനർനിർർമ്മിക്കുന്നത്. ഇതോടനുബന്ധിച്ച് നടപ്പാതയും നിർമ്മിക്കുന്നുണ്ട്. മൂന്ന് വേദികൾക്കൊപ്പം ലൈബ്രറി ഹാളും ഭിന്നശേഷി സൗഹൃദ ടോയിലറ്റും കമ്യൂണിറ്റി ഹാളും പണിയാനും പദ്ധതിയുണ്ട്.സ്റ്റേജുകൾക്ക് അഭിമുഖമായി ഇരിക്കാവുന്ന തരത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കും. ലൈറ്റ് ഹൗസിനോടു ചേർന്ന് ആംഫിതിയറ്റർ ഒരുക്കും. ചെറുപരിപാടികൾ അവതരിപ്പിക്കാൻ ഇവിടെയും സൗകര്യമുണ്ടാകും. കാഴ്ചക്കാർക്കായി ഇവിടെ ഗ്യാലറിയും നിർമ്മിച്ചുകഴിഞ്ഞു. ലയൺസ് പാർക്ക് മുതൽ ഓപ്പൺ സ്റ്റേജ് വരെയുള്ള ഭാഗത്തിന്റെ നവീകരണം ഈ മാസം പൂർത്തിയാകും. സൗന്ദര്യവൽക്കരണത്തോടൊപ്പം വിവിധ സാംസ്‌കാരിക പരിപാടികൾക്കുള്ള വേദികളുമാണ് പദ്ധതിയിലുൾപ്പെടുന്നത്.ഓപ്പൺ സ്റ്റേജിന്റെ ഭാഗത്തുനിന്ന് കടലിലേക്ക് നയിക്കുന്ന വോക്ക്‌വേയും ഒരുങ്ങുന്നുണ്ട്. കൾച്ചറൽ സെന്ററിന് സമീപത്തായി സ്‌പോർട്‌സ് സോൺ ഒരുക്കാനുള്ള പദ്ധതി ഉണ്ട്. ഫുട്‌ബാൾ,ക്രിക്കറ്റ് തുടങ്ങിയവയ്ക്ക് ഇതോടെ ബീച്ചൊരു വേദിയാകും.
# വായനക്കൊരിടം
ശാന്തമായി വായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബീച്ചിൽ ഒരു ലൈബ്രറിയുണ്ട്. പഴയ ഹെൽത്ത് ക്ലബാണ് നവീകരിച്ച് ലൈബ്രറിയാക്കിയത്. ചായകുടിച്ച് അല്പനേരം ഇരിക്കാനും ചർച്ചകൾ നടത്താനും സൗഹൃദം പങ്കുവയ്ക്കാനും സ്ഥലങ്ങളുണ്ട് ഇതിനോടു ചേർന്നുള്ള പഴയ ഷെഡ് ഇപ്പോൾ മനോഹരമായ ഇരുനിലക്കെട്ടിടമാണ്. താഴെയും മുകളിലുമായി കൺവൻഷൻ സെന്ററുകളും ശുചിമുറികളുമുണ്ട്. ഇവിടെയും ചടങ്ങുകൾ നടത്താം. മഴയും വെയിലും ഏൽക്കാതിരിക്കാൻ ഷെൽട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. മിനി ഹൈമാസ്റ്റ് വിളക്കുകൾ, കുടിവെള്ള സംവിധാനം, അലങ്കാരവിളക്കുകൾ എന്നിവയെല്ലാം പുതിയ ബീച്ചിൽ ഒരുക്കിയിട്ടുണ്ട്. ആധുനിക സൗകര്യമുള്ള ടോയ്‌ലറ്റ് ബ്ലോക്കാണ് ബീച്ചിലൊരുക്കുന്നത്. ഭിന്നശേഷിക്കാർക്കുകൂടി ബുദ്ധിമുട്ടില്ലാതെ ഉപയോഗിക്കാൻ പറ്റുന്നവയായിരിക്കും ഇത് .
# പുതുമോടിയിൽ കാലിക്കറ്റ് അക്വേറിയം
ലയൺസ് പാർക്കിന്റെ വടക്കുഭാഗത്തുള്ള ഡി.ടി.പി.സി യുടെ കാലിക്കറ്റ് അക്വേറിയം ഉടൻ പുനരാരംഭിക്കും. പ്രളയത്തെ തുടർന്ന് പത്ത് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഡി.ടി.പി.സിയിൽ നിന്ന് കരാർ എടുത്ത് ഒരു സ്വകാര്യ സ്ഥാപനമാണ് അക്വേറിയം നോക്കിനടത്തിയത്. പാർക്കിന്റെ കേടുപാടുകൾ തീർത്ത് 24 നു ശേഷം പുതിയ ടെൻഡർ വിളിച്ച് അക്വേറിയം പുനരാരംഭിക്കുവാനാണ് തീരുമാനം. രാവിലെ 9 മുതൽ രാത്രി 9 മണി വരെയാണ് പ്രവേശന സമയം.