meena
മീനങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്കൂൾ

മീനങ്ങാടി: വയനാടിന്റെ എല്ലാ ഭാഗത്ത് നിന്നും പ്രവേശനം തേടി കുട്ടികൾ എത്തുന്ന തക്ഷശിലയായി മാറുന്നു മീനങ്ങാടി ജി.എച്ച്.എസ്.എസ്. രണ്ട് പതിറ്റാണ്ടിലേറെയായി കായിക മേളയിൽ ഈ വിദ്യാലയം പുലർത്തുന്ന മേൽകൈ കൊണ്ടായിരുന്നു ഇവർ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അക്കാദമിക് രംഗത്തെ നേട്ടങ്ങളാണ് കുട്ടികളെ ഈ സ്കൂളിലേക്ക് ആകർഷിക്കുന്നത്.

ഈ മെയ് രണ്ടുമുതൽ 15 വരെ യു.പി.ഹൈസ്കൂൾ വിഭാഗങ്ങളിൽ മാത്രം 323 കുട്ടികളാണ് പ്രവേശനം നേടിയത്. അടുത്ത പതിനഞ്ച് ദിവസം ഇത് ഇരട്ടിയിലധികമാകുമെന്നാണ് സൂചന.

തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയിരിക്കുകയാണ്.

2400ൽ അധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 405 കുട്ടികൾ കഴിഞ്ഞ വർഷം എസ്.എസ്.എൽ സി പരീക്ഷ എഴുതി. ഇതിൽ 88 പേർ എസ്.ടി വിഭാഗക്കാരായിരുന്നു.92 ആണ് വിജയശതമാനം. 8,9,10 ക്ലാസ്സുകൾക്ക് പത്ത് വീതം ഡിവിഷനുകളാണ് ഇപ്പോഴുളളത്. രണ്ട് വർഷം മുമ്പ് 36 ഡിവിഷൻ മാത്രം ഉണ്ടായിരുന്നിടത്ത് ഇപ്പോഴത് 48 ആണ്.ഈ വർഷം ജൂൺ മധ്യത്തോടെ പുതുതായി മുപ്പത് ക്ലാസ്സ് റൂമുകളും കൂടി പുതിയ ബ്ലോക്കിൽ ഉദ് ഘാടനം ചെയ്യും.66 അദ്ധ്യാപകരും ഏഴ് അനദ്ധ്യാപക ജീവനക്കാരുമാണ് ഇവിടെയുളളത്.
സ്മാർട്ട് ക്ലാസ്സ് മുറികൾ,ആർമിയുടേയും നേവിയുടേയും പ്രത്യേകം എൻ.സി.സി യൂണിറ്റുകൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ജൂനിയർ റെഡ്ക്രോസ്സ് എന്നിവ മീനങ്ങാടി ഗവ.വിദ്യാലയത്തെ വൈവിധ്യങ്ങളുടെ കാമ്പസ്സാക്കി മാറ്റി.

പൊതു വിദ്യാലയങ്ങളിലെ ക്ലാസ്സ് മുറികൾ കാലോചിതമായി നവീകരിക്കപ്പെട്ടപ്പോൾ അൺ എയ്ഡഡ് മേഖലയിൽ നിന്ന് കുട്ടികൾ കൂട്ടത്തോടെ പൊതുവിദ്യാലയത്തിലേക്ക് നീങ്ങാൻ തുടങ്ങി.ചില അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയാൻ അദ്ധ്യാപകർ വീടുകയറുന്നതും പുതിയ കാഴ്ചയാവുകയാണ്.