karshakar

സുൽത്താൻ ബത്തേരി: ജില്ലയിൽ ചാണകത്തിന് പോലും ആവശ്യക്കാരില്ല. ക്ഷീരകർഷകർ ദുരിതത്തിലായി. രൂക്ഷമാകുന്ന വന്യജീവിശല്ല്യം കാരണം കൃഷി തന്നെ ഉപേക്ഷിക്കാൻ കർഷകർ തയ്യാറായതോടെ കൃഷിയിടങ്ങളിൽ ചാണകം പോലും വേണ്ടാതായി.

കന്നുകാലി ഫാമുകളിൽ നിന്നും കർഷകരിൽ നിന്നും പുതുമഴയോടെ കൃഷിയിറക്കാൻ ചാണകം വാങ്ങാറുണ്ട്. എന്നാൽ ചാണകത്തിന് ആവശ്യക്കാരില്ലാതായതോടെ ക്ഷീരകർഷകർക്ക് കിട്ടിയിരുന്ന ആ വരുമാനവും നിലച്ചു.

ഏപ്രിൽ-മെയ് മാസങ്ങളിൽ ക്ഷീര കർഷകർക്ക് ലഭിച്ചിരുന്ന വാർഷിക വരുമാനമാണ് ഇതോടെ ഇല്ലാതായത്.
പുതുമഴയോടെ തോട്ടങ്ങളിലും തന്നാണ്ട് വിള കൃഷിയിടങ്ങളിലും ഉണങ്ങിയ ചാണകം ഇടുന്നത് കാട്ടു പന്നികൾ കൂട്ടത്തോടെ വിള നശിപ്പിക്കാൻ കാരണമാവുകയാണ്. ചാണകപൊടി ഇട്ട് മൂടുന്ന കുരുമുളക് ചെടികളുടെ അടിവേരടക്കം ഇങ്ങനെ പന്നി കൂട്ടങ്ങൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് ചാണകം വിലയില്ലാത്ത ഇനമായത്. ഒരു വല്ലം ചാണകത്തിന് 110-130 രൂപ വരെ വിലകിട്ടിയിരുന്നു.

പന്നി ശല്ല്യം കൂടിയതോടെ മിക്കയിടങ്ങളിലും കിഴങ്ങു വിളകളുടെ കൃഷിയും നിലച്ചു. വർഷകാലത്ത് കർഷക കുടുംബങ്ങൾക്ക് ആശ്വാസമായിരുന്ന ചേന,ചേമ്പ്,കാച്ചിൽ കൃഷികളാണ് ഇതോടെ ഇല്ലാതാകുന്നത്..
ഉത്പ്പാദന ചെലവിന് ആനുപാതികമായി പാലിന് വില വർദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. എല്ലാ സാധനങ്ങൾക്കും ദൈനം ദിനം വില കൂട്ടാൻ സംവിധാനമുളള രാജ്യത്ത് സാധാരണക്കാരുടെ പ്രധാന ഭക്ഷ്യ ഇനമായ പാലിന് വില നിശ്ചയിക്കാൻ കർഷകന് അവസരം ഉണ്ടാകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

2017 ൽ ആണ് പാൽ വിലയിൽ നേരിയ വർദ്ധന പ്രഖ്യാപിച്ചത്. അന്ന് ഒരു കിലോ ചോളപ്പൊടിക്ക് 11-12 രൂപയായിരുന്നു വിലയെങ്കിൽ ഇന്നത് 30 രൂപയായി മാറി. ഒരു കിലോ കടലപ്പിണ്ണാക്കിന് 34-36 രൂപയായിരുന്നത് 46-48 രൂപയായി. എല്ലായിനം കാലിത്തീറ്റകളുടേയും വില ഉയർത്തി വിപണി ശക്തികൾ കർഷകന്റെ അദ്ധ്വാന ഫലം അപഹരിക്കുകയാണ് ചെയ്യുന്നതെന്നും ഇവർ പറയുന്നു.

രണ്ട് വർഷം മുമ്പ് ഒരു ലിറ്റർ പാലിന് കർഷകന് രണ്ട് രൂപ കൂടുതൽ കിട്ടിയപ്പോഴാണ് കാലിത്തീറ്റകളുടെ വില നൂറ് ശതമാനവും അതിൽ കൂടുതലും ഉയർന്നത്.എല്ലാവർഷവും ക്ഷീര വികസന വകുപ്പ് ക്ഷീര കർഷകർക്ക് നൽകിയിരുന്ന പ്രോൽസാഹന വില പ്രളയത്തിന്റെ പേരിൽ നിഷേധിച്ചതും കർഷകരുടെ ദുരിതം വർദ്ധിപ്പിച്ചു.

ത്രിതല പഞ്ചായത്തുകളും മിൽമയും വല്ലപ്പോഴും നൽകുന്ന നാമമാത്ര പ്രോൽസാഹന വിലകൊണ്ടൊന്നും ഈ മേഖലയെ രക്ഷിക്കാനാകില്ലെന്നും ഇവർ പറയുന്നു. പ്രകൃതിദത്തമായ ജൈവ വളമായ ചാണകപൊടിക്ക് ജില്ലയ്ക്ക് പുറത്ത് ക്ഷീര വികസന വകുപ്പ് വിപണി കണ്ടെത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു.