മാനന്തവാടി:റമദാൻ വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് വിശ്വാസികൾക്ക് നോമ്പ് തുറക്കാനായി വിപണിയിൽ വൈവിധ്യമാർന്ന ഈത്തപ്പഴങ്ങളും. രുചിയിൽ വിത്യാസമുള്ളതും പല വലിപ്പത്തിലും നിറത്തിലുള്ളതുമായ ഈത്തപ്പഴങ്ങൾ റമദാനിന് മുമ്പ് തന്നെ വിപണിയിൽ ഇടം പിടിച്ചിരുന്നു. 240 രൂപ മുതൽ 1600 രൂപ വരെ വിലയുള്ള ഈത്തപ്പഴങ്ങളാണ് വിപണിയിലുള്ളത്. സൗദി അറേബ്യ,ഒമാൻ,ഈജിപ്ത്,ഇറാഖ്,ലിബിയ,അൾജീരിയ,യു.എ.ഇ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഈത്തപ്പഴങ്ങളാണ് വിപണിയിലെ താരങ്ങൾ.സൗദിയിൽ നിന്നുള്ള മബ്‌റൂമിന് 900 രൂപയും സഫാ വിക്ക് 800 രൂപയും അൾജീറിയിൽ നിന്നുള്ള അൾജീറിയ ഈത്തപ്പഴത്തിന് 300 രൂപയുമാണ് വില.കൂടാതെ ഇറാനിൽ നിന്നുള്ള ബറാരി, മാര്യ, ഡീബ്ര, ടോൾഗ, മർഷിദ്, ബാമർ, മസ ഫാത്ത്, ജോർദ്ദാനിൽ നിന്നുള്ള മെഡ്‌ജോൾ, കുതിരി, അമ്പർ എന്നിവയും വിപണിയിലുണ്ടെങ്കിലും വില കൂടുതലായതിനാൽ ആവശ്യക്കാർ കുറവാണ്. ഗുണമേൻമയിലും സ്വാദിലും മുൻ പന്തിയിലുള്ള സൗദി ഈത്തപ്പഴങ്ങൾക്കാണ് മാർക്കറ്റിൽ പൊതുവെ ഉയർന്ന വിലയുള്ളത്.ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഈത്തപ്പഴത്തിന് 220 രൂപയാണ് വില. ഖുർആനിലും ഹദീസിലുമെല്ലാം പേരെടുത്ത് പറഞ്ഞ ഒരു പഴമാണ് ഈത്തപ്പഴം.1400 വർഷങ്ങൾക്ക് മുമ്പ് അറേബ്യയിലെ ചുട്ട് പൊള്ളുന്ന മണലാര്യ ണ്യത്തിൽ വളർന്ന് വന്നതാണ് ഈത്തപ്പഴം. ഈത്തപ്പഴത്തിൽ അടങ്ങിയ പഞ്ചസാരയുടെ അളവ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഏറെ ഉപകരിക്കുന്നതാണ്. നോമ്പ് തുറക്കാനായി കഴിക്കുന്ന 110 മുതൽ 140 രൂപ വരെ വിലയുള്ള കാരക്ക, അത്തിപ്പഴം, അക് ഫ്രൂട്ട്, എന്നിവയും വിപണിയിൽ യഥേഷ്ടം ഇടം നേടിയിട്ടുണ്ട്. ഈത്തപ്പഴത്തിന് ആവശ്യക്കാർ വർദ്ധിച്ച് വരുന്നതായി വ്യാപാരികൾ പറഞ്ഞു.