# പൊളിഞ്ഞ ഓടകൾ മാറ്റാൻ നടപടി വേണം

കോഴിക്കോട്: മഴക്കാല പൂർവ ശുചീകരണങ്ങൾക്കിടയിലും പൊട്ടിപ്പൊളിഞ്ഞതും തുറന്ന് കിടക്കുന്നതുമായ ഓടകളുടെ അറ്റകുറ്റപണി നടത്താൻ നടപടിയായില്ല. തുറന്നു കിടക്കുന്ന ഓവുചാലുകൾ ഓരോ മഴക്കാലത്തും മനുഷ്യജീവനുകൾ അപഹരിച്ചിട്ടും അപകടത്തിൽപ്പെടുത്തിയിട്ടും, മഴക്കാലത്തിന് മുമ്പ് ഓവുചാലുകളുടെ സ്ലാബിടൽ പണി പൂർത്തിയാക്കാത്തതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. നഗര ഹൃദയങ്ങളിലെ മാവൂർ റോഡ്, പുതിയസ്റ്റാന്റ് പരിസരം, ഫ്രാൻസിസ് റോഡ്, രണ്ടാം ഗേറ്റിന് മുൻവശം, വൈക്കം മുഹമ്മദ് ബഷീർ റോഡ്, പി.ടി ഉഷ റോഡ് തുടങ്ങി തിരക്കേറിയ നിരവധി സ്ഥലങ്ങളിലെ ഓവുചാലുകൾ പലതും തുറന്നുകിടക്കുകയാണ്. ഇതിനു പുറമെ നഗരത്തിലെ പല ഊടുവഴികളിലെ ഓവുചാലുകളുടെ സ്ലാബുകളും തകർന്ന നിലയിലാണ്.

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓവുചാലിൽ നിന്ന് മണ്ണ് മാറ്റാറുണ്ടെങ്കിലും തുറന്ന് കിടക്കുന്ന ഓടകൾക്ക് സ്ലാബിടാറില്ല. മഴക്കാലങ്ങളിൽ സുരക്ഷിതമെന്ന ധാരണയാൽ ഓവുചാലുകൾക്ക് മുകളിലൂടെ നടക്കുന്നവരാണ് പലപ്പോഴും ഇതിൽ വീണ് അപകടത്തിൽപ്പെടുന്നത്. ചതിക്കുഴികളിൽ വീണ് മരണം വരെ സംഭവിച്ചാൽ മാത്രമാണ് അധികൃതർ സ്ലാബുകൾ ഇടുന്നതിനെ കുറിച്ച് ചിന്തിക്കാറുള്ളൂ എന്നതാണ് യാഥാർത്ഥ്യം. മിക്കയിടങ്ങളിലും ഒന്നുമുതൽ അഞ്ചടിയോളം ആഴമുണ്ട് ഓടകൾക്ക്. മഴക്കാലമായാൽ ഓവുചാലുകളിൽ നല്ല കുത്തൊഴുക്കുമായിരിക്കും. അതിനു പുറമെ ദുർഗന്ധം വമിക്കുന്ന മലിന ജലവും.

കാലവർഷം തുടങ്ങിയാൽ ഓടയും റോഡും തിരിച്ചറിയാത്ത സ്ഥിതിയാണ്. ഓടയിൽ വീണ് നടുവൊടിയേണ്ടെന്ന് കരുതി പലരും റോഡിലേക്ക് ഇറങ്ങിനടക്കുന്നതും അപകടത്തിന് കാരണമാവും.

വർഷങ്ങളായി സ്ലാബുകൾ സ്ഥാപിക്കാത്ത സ്ഥലങ്ങളും നഗരസഭാ പരിധിയിലുണ്ട്. അശാസ്ത്രീയമായ ഓടനിർമാണം കാരണം മാവൂർ റോഡ് പരിസരം, സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങൾ മഴ പെയ്താൽ വെള്ളത്തിനടിയിലാവും. ഇവിടങ്ങളിൽ ഓവുചാലുകൾക്കുള്ളിൽ അടിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ മാറ്റാത്തതും വെള്ളം കെട്ടിക്കിടക്കാൻ കാരണമാവുകയാണ്. വെള്ളം ഒഴുകിപ്പോവുന്നതിന് സ്ഥാപിച്ച ഗ്രില്ലുകൾ ദ്രവിച്ച് ഏതുനിമിഷവും നിലംപറ്റുമെന്ന നിലയിലുമാണ്.

ഓട നന്നാക്കുന്നതിന്റെ ചുമതല പൊതുമരാമത്ത് വകുപ്പിനും നഗരസഭയ്ക്കുമാണ്. എന്നാൽ പരാതി ഉയരുമ്പോൾ പരസ്പരം പഴിചാരി ഇരുവിഭാഗവും ഒഴിഞ്ഞ് മാറുകയാണ് പതിവ്. മഴക്കാല പൂർവ ശുചീകരണത്തോടൊപ്പം ഓവുചാലുകൾക്ക് സ്ലാബിടാൻ നടപടി വേണമെന്ന് വ്യാപാരികളും ആവശ്യപ്പെടുന്നു.