കോഴിക്കോട്: തലശ്ശേരിയിൽ വെട്ടേറ്റ വടകര പാർലമെന്റ് മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീർ അപകടനില തരണം ചെയ്തു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വച്ച് ശസ്ത്രക്രിയ നടത്തിയശേഷം ഇന്നലെ വൈകിട്ടോടെ ഐ.സി.യുവിലേക്ക് മാറ്റി. കൈ, കാൽ, വയർ എന്നിവിടങ്ങളിലായി മൂന്ന് ശസ്ത്രക്രിയകളാണ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് തലശ്ശേരി മുൻ നഗരസഭാംഗം കൂടിയായ നസീറിന് തലശ്ശേരി കയ്യാത്ത് റോഡിൽ വച്ച് വെട്ടേറ്റത്. ബൈക്കിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്യവേ മുഖം മറച്ച് ബൈക്കിലെത്തിയ മൂന്ന് പേരായിരുന്നു ആക്രമിച്ചത്. കൈയ്ക്കും വയറിനും തലയ്ക്കുമാണ് പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് സി.എച്ച്. റൗഫിനും പരിക്കേറ്റു. 2014 വരെ സി.പി.എം തലശ്ശേരി ലോക്കൽ കമ്മിറ്റി മെമ്പറും 2015 വരെ തലശ്ശേരി മുനിസിപ്പൽ കൗൺസിലറുമായിരുന്ന നസീർ പാർട്ടി വിട്ട് സ്വതന്ത്രനായിട്ടായിരുന്നു വടകര മണ്ഡലത്തിൽ മത്സരിച്ചത്. തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിലും നസീറിന് നേരെ ആക്രമണമുണ്ടായിരുന്നു.
നിഷ്പക്ഷ അന്വേഷണം വേണം: മുല്ലപ്പള്ളി
സി.ഒ.ടി. നസീറിനെ ആക്രമിച്ച കേസിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സി.ഒ.ടി നസീറിനെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു അദ്ദേഹം. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയരാജന്റെ അറിവോടെയാണ് ആക്രമണം ഉണ്ടായത് എന്ന് മുരളീധരൻ പറഞ്ഞത് അദ്ദേഹത്തിന് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.