പേരാമ്പ്ര: തകർന്നു കൊണ്ടിരിക്കുന്ന നാളികേര വിപണി കർഷകഗ്രാമങ്ങളെ പ്രതിസന്ധിയിലാക്കി. തെങ്ങുകളുടെ കൂമ്പുചീയലും മണ്ഡരി, നീരൊലിപ്പു ബാധകൾക്കും പിന്നാലെയാണ് നാളികേര വിലയിൽ വൻഇടിവുണ്ടായത്. കഴിഞ്ഞ വർഷവർഷം ഇതേസമയം പച്ചത്തേങ്ങവില കിലോയ്ക്ക് 38 ഉം 40 ഉം രൂപ ഉണ്ടായിരുന്നത് ഇന്നലെ 28, 29 രൂപയിലേക്ക് താഴ്ന്നു.

മക്കളുടെ വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് മലയോരകർഷകർ നാളികേരത്തെയാണ് ഏറെയും ആശ്രയിക്കുന്നത്. നാളികേരത്തിന് പിന്നാലെ കൊട്ടപാക്ക്, കുരുമുളക് എന്നിവയുടെയും വില താഴോട്ടാണ്.

കൊട്ടപാക്ക് കിലോയ്ക്ക് ന് 280 രൂപ മുതൽ 320 വരെ യായിരുന്നത് കഴിഞ്ഞ ദിവസം 215 ലേക്ക് താഴ്ന്നു. കിലോവിന് 650, 700 രൂപ വരെ വിലയുണ്ടായിരുന്ന കുരുമുളക് 350നും വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്.

മലയോര കർഷകർ ഒരു പരിധിവരെ പിടിച്ചു നിന്നത് നാളികേരത്തിലായിരുന്നു. തമിഴ്‌നാട്ടിലേക്കുള്ള തേങ്ങാ ശേഖരണത്താൽ മോശമല്ലാത്ത വില കർഷകർക്കു ലഭിച്ചിരുന്നതാണ്.

അതിനിടെ കേരഫെഡിന്റെ പബ്ലിക് മാർക്കറ്റിങ്ങ് സ്ഥാപനങ്ങളും നാളികേര കമ്പനിയുടെ 15 കേന്ദ്രങ്ങളും അടച്ചു പൂട്ടൽ ഭീഷണിയിലാണ്.പെരുവണ്ണാമൂഴിയിൽ പ്രവർത്തിക്കുന്ന കേരഫെഡിന്റെ ലക്ഷങ്ങൾ മുടക്കി പണിത കേന്ദ്രത്തിൽ നാളികേരം സംഭരിക്കാനാണ് ലക്ഷ്യമിട്ടത്.എന്നാൽ ഇത് പ്രവർത്തനം നിലച്ചു.

കർഷക കൂട്ടായ്മകളിൽ നിന്ന് തേങ്ങാ സംഭരണം നടത്തിയാൽ തകർന്നു കൊണ്ടിരിക്കുന്ന നാളികേര വിപണിയെ അഭിവൃദ്ധിപെടുത്താനും കർഷകർക്ക് മാന്യമായ വില ലഭിക്കുന്നതിനും സഹായകമാകും. നാളികേര കമ്പനിയുടെ ആഭിമുഖ്യത്തിൽ ഇരുന്നൂറോളം പ്രാഥമിക സംഘങ്ങൾ ഇന്ന് കേരളത്തിൽ നിലവിലുണ്ട്. ഇരുപത്തി അഞ്ചായിരത്തോളം കർഷകർ ഇതിൽ അംഗങ്ങളാണ് .
സംസ്ഥാനത്ത് 400 ഓളം യൂണിറ്റുകളാണ് നിലവിലുള്ളത്. ഇതിൽ പതിനഞ്ചും കോഴിക്കോട് ജില്ലയിലാണ്. പാലേരി ,ചങ്ങരോത്ത്, കൂത്താളി ,ചക്കിട്ടപാറ, പേരാമ്പ്ര, പാണ്ടിക്കോട്, എടവരാട്, മേപ്പയ്യൂർ, കീഴരിയൂർ ,ഉള്ളിയേരി എന്നിവിടങ്ങിലാണ് കോക്കനറ്റ് പ്രൊഡ്യൂസിങ്ങ് ഫെഡറേഷനുകൾ പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥരുടെ താൽപ്പര്യ കുറവും യൂണിറ്റ് തലത്തിലെ സംഘാടകരുടെ വൈദഗ്ദ്യ കുറവുമാണ് മിക്ക ഫെഡറേഷനുകളും തകരാറിലാവാൻ കാരണമെന്ന് കർഷകർ പറയുന്നു.


പെരുവണ്ണാമൂഴി കൊപ്രഡ്രയർ കേന്ദ്രത്തിന് അവഗണന
പേരാമ്പ്ര: ലക്ഷങ്ങൾ വകയിരുത്തി പെരുവണ്ണാമൂഴിയിൽ സർക്കാർ നിർമ്മിച്ച കൊപ്ര ഡ്രയർ അവഗണിക്കപ്പെട്ടു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള പെരുവണ്ണാമൂഴിയിലെ കൂത്താളി ജില്ലാ കൃഷിഫാം വളപ്പിലാണു കേന്ദ്രം സ്ഥാപിച്ചത് .
2013-14 സാമ്പത്തിക വർഷത്തിൽ കേരഫെഡാണു കൊട്ടിഘോഷിച്ച് കൊപ്ര ഡ്രയർ സ്ഥാപിച്ചത്. ആയിരക്കണക്കിന് തേങ്ങ ഒരേസമയം ഉണക്കാനുള്ള യന്ത്ര സാമഗ്രികളും സ്ഥാപിച്ചു. 2014 ൽ അന്നത്തെ കൃഷിമന്ത്രി കെ.പി മോഹനാണു ഉദ്ഘാടനം നടത്തിയത്. പക്ഷെ തുടക്കം മുതൽ ഇതിനു ശനി ദശയായിരുന്നു. യന്ത്രം പ്രവർത്തിപ്പിക്കുമ്പോൾ ഫ്യൂസടിച്ചു വൈദ്യുതി വിതരണം തകരാറിലാകുന്ന സ്ഥിതിയായി. ഉണക്കാനായി എത്തിച്ച ആയിരക്കണക്കിന് നാളികേരം ഡ്രയർ പുരയിൽ കിടന്നു നശിച്ചു. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മെഷീനുകൾ കാലഹരണപ്പെട്ടു. സ്ഥാപന ഹാളിൽ ഇപ്പോൾ വൈക്കോൽ സൂക്ഷിച്ചിരിക്കുകയാണ് .

കാർഷിക പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനം യാഥാർത്ഥ്യമായില്ല
പേരാമ്പ്ര: പെരുവണ്ണാമൂഴിയിൽ ലക്ഷങ്ങൾ ചെലവിട്ടു നിർമ്മിച്ച കാർഷിക പരിശീലന കേന്ദ്രം വർഷം ഒൻപത് പിന്നിട്ടിട്ടും പ്രവർത്തനക്ഷമമായില്ല. ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ പെരുവണ്ണാമൂഴിയിൽ കൂത്താളി ജില്ലാ കൃഷിഫാമിലാണു പരിശീലന കേന്ദ്രം സ്ഥാപിച്ചത്. ഇതിന്റെ ശിലാസ്ഥാപനം 2007 ൽ കൃഷി വകുപ്പു മന്ത്രി മുല്ലക്കര രത്‌നാകരനും കെട്ടിടത്തിന്റെ ഉദ്ഘാടനം 2010ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയും നിർവഹിച്ചു. വിശാലമായ പഠന ഹാളും താമസ സൗകര്യങ്ങളും പിന്നാലെ സജ്ജീകരിച്ചെങ്കിലും ഒന്നും പ്രയോജനകരമായില്ല.
ഓരോ വർഷവും പരിശീലന കേന്ദ്രത്തിൽ ലക്ഷങ്ങൾ വകയിരുത്തി പുതിയ പുതിയ മരാമത്ത് പണികൾ നടക്കുന്നുണ്ട്. പക്ഷെ എന്ന് ഇത് തുറക്കുമെന്നു അധികൃതർക്ക് പറയാനാവുന്നില്ല.


ഫോട്ടോ 1 : പെരുവണ്ണാമൂഴിയിലെ കൂത്താളി ജില്ലാ കൃഷിഫാമിൽ അഞ്ചു കൊല്ലം മുമ്പ് കേരഫെഡ് സ്ഥാപിച്ച കൊപ്ര ഡ്രയർ വൈക്കോൽ പുരയായി മാറിയപ്പോൾ.


ഫോട്ടോ:

ജില്ലാ പഞ്ചായത്ത് പെരുവണ്ണാമൂഴിയിലെ കൂത്താളി ജില്ലാ കൃഷിഫാമിൽ സ്ഥാപിച്ചതും ഒൻപതു വർഷമായി പ്രവർത്തന ക്ഷമമാക്കാത്തതുമായ കാർഷിക പരിശീലന കേന്ദ്രം

3. പെരുവണ്ണാമൂഴി കൊപ്ര ഡ്രയർ കേന്ദ്രം