പേരാമ്പ്ര : നാളികേര വില ഇടിയുന്ന സാഹചര്യത്തിൽ പച്ചതേങ്ങ സംഭരണം ഉടൻ തന്നെ പുനരാരംഭിച്ച് നാളികേര കർഷകരെ രക്ഷിക്കണമെന്ന് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു. കിലോയ്ക്ക് 45രൂപ വരെ ലഭിച്ചു കൊണ്ടിരിക്കുന്ന പച്ച തേങ്ങയ്ക്ക് ഇപ്പോൾ 26രൂപയാണ് ലഭിക്കുന്നത്. ഒരു തേങ്ങയ്ക്ക് ഒമ്പത് രൂപയോളം ഉല്പാദന ചെലവ് വരുമ്പോൾ തേങ്ങ ഒന്നിന് എട്ടു രൂപയാണ് വിപണിയിൽ ലഭിക്കുന്നത്. നാളികേരത്തിന് വില നിർണ്ണയിക്കുന്നതിന് കർഷക പ്രതിനിധികൾ അടങ്ങിയ ഒരു കമ്മീഷനെ നിയമിക്കുക, കിലോയ്ക്ക് 50രൂപ വെച്ച് പച്ച തേങ്ങ സംഭരണം ഉടൻ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ കമ്മിറ്റി ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് ഐപ്പ് വടക്കേത്തടം അദ്ധ്യക്ഷത വഹിച്ചു. എൻ. ചന്ദ്രൻ, ടി.പി. നാരായണൻ, അഗസ്റ്റിൻ കണ്ണേഴത്ത്, രാജു തലയാട്, ജോസ് കാരിവേലി, എൻ. രാജശേഖരൻ, എം. വേണുഗോപാലൻ നായർ, സി.എം. ബാബു, പാപ്പച്ചൻ കൂനന്തടം, ഫാസിൽ ബേപ്പൂർ, ജോൺ പൊന്നമ്പേര, ബിജു കണ്ണന്തറ, പട്ടയാട്ട് അബ്ദുള്ള, പി. രാജൻ ബാബു, രവീന്ദ്രനാഥ്, ഭാസ്‌ക്കരൻ നായർ കുറ്റ്യാടി എന്നിവർ സംസാരിച്ചു.