കുറ്റ്യാടി : കൊട്ടിയൂർ ക്ഷേത്രത്തിൽ ഇളനീർ വെട്ടാനുള്ള കത്തി കുറ്റ്യാടി എണ്ണതണ്ടയാൻ ചാമക്കാലിൽ പി കണാരന്റെ എണ്ണ പുരയിൽ നിന്ന് സ്ഥാനികൻ കേളപ്പൻ പൂജാകർമങ്ങൾക്ക് ശേഷം ചാമക്കാലിൽ നാണു തണ്ടയാന് കൈമാറി. വൈശാഖ ഉൽസവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ അഭിഷേകത്തിന്ന് ഇളനീർ കാവുകൾ ഒരുക്കുന്നതിന്ന് മുന്നോടിയായുള്ള ശുദ്ധി ക്രിയ (മുക്കി ചെന) ജാതിയൂർ ക്ഷേത്രത്തിന്ന് സമീപത്ത് വച്ച് നടന്നു. കുറ്റ്യാടി മേഖലയിലെ കഞ്ഞിപ്പുരകളിലെ വ്രതാനുഷ്ഠാനികളായ ഇളനീർ കാവുകാരാണ് മുഖ്യ തണ്ടാന്മറുടെ നേതൃത്വത്തിൽ ശുദ്ധി ക്രിയ നടത്തിയത്. തുടർന്ന് അവകാശിയായ കൊല്ലൻ പണി തീർക്കുന്ന കത്തി തണ്ടയാൻ ബാലൻ ഏറ്റുവാങ്ങി ആദ്യ ഇളനീർ കുല ഓങ്കാര ശബ്ദമുയർത്തി മുറിച്ചു.ചൊവ്വാഴ്ച രാവിലെ അവകാശികളായ ആയാടത്തിൽ കുടുംബത്തിൽ നിന്ന് ചെപ്പ് കുടത്തിൽ നിറയ്ക്കുന്ന എണ്ണ തണ്ടാൻ ചാമക്കാലിൽ കണാരൻ ഏറ്റുവാങ്ങി എണ്ണതണ്ടാനും ഇളനീർ കാവ്കാരും കൊട്ടിയൂരിലേക്ക് യാത്രയാവും. അഗ്‌നി ആവാഹിച്ചു കൊണ്ടു പോകുന്നതോടെ ജാതിയൂർ മഠം ക്ഷേത്രം അടച്ചിടുകയാണ് പതിവ് പിന്നീട് കൊട്ടിയൂർ ഉത്സവം കഴിഞ്ഞ് ശുദ്ധികർമ്മങ്ങൾക്ക് ശേഷമേ ക്ഷേത്രം തുറക്കുകയുള്ളു.