വടകര: വാട്‌സാപ്പ് സന്ദേശത്തിലൂടെ വൈറസ് കയറ്റിവിട്ട് പ്ലസ് ടു വിദ്യാർഥിയുടെ മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും പ്രവർത്തനം താറുമാറാക്കിയതായി പരാതി. അഴിയൂർ കല്ലാമല തങ്ങൾ വീട്ടിൽ ഷുക്കൂർ തങ്ങളുടെ മകൻ മിഷാലിന്റെ ഫോണിലാണ് സൈബർ അക്രമണം.

വ്യാഴാഴ്ച രാത്രിയിൽ മിഷാലിന്റെ വാട്‌സാപ്പിലേക്ക് കന്നടഭാഷയിലുള്ള ഒരു ലിങ്ക് സന്ദേശം എത്തി. ഇതിൽ തൊട്ടയുടൻ ഫോൺ റീസ്റ്റാർട്ട് ആവുകയും പിന്നീട് പ്രവർത്തനം താറുമാറാവുകയും ചെയ്തു. ഇടയ്ക്ക് ഫോൺ ഓഫായി. ഫോണിന്റെ പ്രവർത്തനം മറ്റാരോ നിയന്ത്രിക്കുന്നതായി തോന്നുകയും ചെയ്തു.

ഇതേസമയം തന്നെ വീട്ടിലെ കംപ്യൂട്ടറിൽ മൊബൈൽ ഫോണിന്റെ ഡിസ്‌പ്ലേ തെളിഞ്ഞു. ഈ സമയം സഹോദരൻ കംപ്യൂട്ടറിൽ ഗെയിം കളിക്കുകയായിരുന്നു. കംപ്യൂട്ടറും ഹാങ് ആവുകയും ഓഫാവുകയും ചെയ്തു. വൈ ഫൈ കണക്ഷനിലാണ് മൊബൈൽ ഫോണും കംപ്യൂട്ടറും ഉണ്ടായിരുന്നത്.

വാട്‌സാപ്പ് സന്ദേശം വന്ന ഫോണിലേക്ക് വിളിച്ചപ്പോൾ തൃശൂരിലെ ഒരു സ്ത്രീയാണ് ഫോണെടുത്തത്. വാട്‌സാപ്പ് സൗകര്യമില്ലാത്ത ഫോണാണ് എന്ന മറുപടിയാണ് ലഭിച്ചത്. ഇതിനു പിന്നാലെ അജ്ഞാത നമ്പറിൽ നിന്ന് ഭീഷണിയും വന്നു. പരിചിതമല്ലാത്ത വാട്‌സാപ്പ് ഗ്രൂപ്പിൽ മിഷാലിനെ കൂട്ടിച്ചേർക്കുകയും ഈ ഗ്രൂപ്പിൽ വന്നിരുന്ന സന്ദേശം മുഴുവൻ ഫോണിൽ ബോംബിട്ടു എന്ന രീതിയിലുള്ളതായിരുന്നു. ഗ്രൂപ്പിന്റെ ഒരു അഡ്മിന്റെ നമ്പർ നോക്കിയപ്പോൾ അത് മിഷാലിന്റെ സഹപാഠിയാണ് എന്ന് മനസ്സലായി. ഇയാളെ കണ്ടുപിടിച്ച് അന്വേഷിപ്പോൾ മിഷാലിന്റെ നമ്പർ വാട്‌സാപ്പ് ഗ്രൂപ്പിന് നൽകിയത് ഇയാളാണെന്ന് വ്യക്തമായി. തനിക്കൊന്നും അറിയില്ലെന്നും ഗ്രൂപ്പിലെ ബോംബ് സന്ദേശങ്ങളിൽ സംശയം തോന്നി ഇതെന്താണെന്ന് അന്വേഷിച്ചപ്പോൾ ആരുടെയെങ്കിലും നമ്പർ തന്നാൽ കാണിച്ചുതരാമെന്ന മറുപടി കിട്ടി. അങ്ങനെയാണ് മിഷാലിന്റെ നമ്പർ നൽകിയത്. പരാതിയുമായി പോകേണ്ടെന്നും ഫോണും കംപ്യൂട്ടറുമെല്ലാം ശരിയാക്കാമെന്നും ഗ്രൂപ്പിലൂടെ വാഗ്ദാനം കിട്ടി. സംഭവത്തിൽ ചോമ്പാല പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.