വടകര: വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീറിന് നേരെയുണ്ടായ വധശ്രമം രണ്ടാം ടി.പി ചന്ദ്രശേഖരനെ സൃഷ്ടിക്കാനുള്ള സി.പി.എം നീക്കത്തിന്റെ ഭാഗമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് വടകരയിൽ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. നസീറിന് നേരെയുണ്ടായ അക്രമത്തിന് ടി.പി വധവുമായി ഏറെ സാമ്യമുണ്ട്. ടി.പിയെ ആദ്യം വധിക്കാൻ ശ്രമിച്ചത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ്. ഇതേ രീതിയിലാണ് നസീറിന് നേരെയും അക്രമം ഉണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൂന്ന് തവണ നസീർ കൈയ്യേറ്റത്തിന് വിധേയനായി. എന്നിട്ടും നസീറിന് സുരക്ഷ നൽകാൻ പൊലിസ് നടപടി സ്വീകരിച്ചില്ല.
സി.പി.എം പാർട്ടി നേതൃത്വത്തിൽ ഗൂഢാലോചനയും വധശ്രമ ഏകോപനവും നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ടി.പി വധ ഗൂഢാലോചനയും നസീറിന് നേരെയുണ്ടായ വധശ്രമവും സി.ബി.ഐ അന്വേഷിക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ നസീറിനെ തിരികെ ഒരു ചെറുകല്ലു പോലും കോൺഗ്രസ് പ്രവർത്തകർ എറിഞ്ഞിട്ടില്ല. എന്നാൽ ആശയപരമായി എതിരായതിന്റെ പേരിൽ സി.പി.എമ്മിൽ നിന്ന് ക്രൂരമായ അക്രമത്തിന് വിധേയനായിരിക്കുകയാണ് നസീർ.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ സ്ഥാനാർഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കമ്മീഷൻ പ്രതികരിക്കണം. 23 ന് വോട്ടെണ്ണലിന് ശേഷം വടകര പാർലമെന്റ് മണ്ഡലത്തിൽ വ്യാപകമായ അക്രമത്തിന് സി.പി.എം കോപ്പു കൂട്ടുന്നുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കോട്ടയിൽ രാധാകൃഷ്ണൻ, പുറന്തോടത്ത് സുകുമാരൻ, കാവിൽ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.