കോഴിക്കോട്: പർദ്ദയിട്ട് വോട്ടുചെയ്യാനെത്താൻ അനുവദിക്കില്ലെന്ന സി.പി.എം ഭീഷണി, ഭീതിവിതച്ച് മുസ്ലിം സ്ത്രീകളെ പോളിംഗ് ബൂത്തിൽ നിന്ന് അകറ്റാനുള്ള ശ്രമമാണെന്നും റീപോളിംഗിൽ ഇത് വിലപ്പോയില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തതായി പറയപ്പെടുന്ന ആരും പർദ്ദയിട്ടോ മുഖംമൂടിയഞ്ഞോ എത്തിയവരല്ല. സി.പി.എമ്മിന്റെ സംഘടിത കള്ളവോട്ട് കയ്യോടെ പിടികൂടിയപ്പോൾ മുസ്ലിം വസ്ത്രധാരണത്തെയും മുസ്ലിം ആചാരത്തെയും മോശമായി ചിത്രീകരിച്ച് വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. പർദ്ദ ധരിച്ചെത്തുന്നവർക്ക് നേരെ വ്യാപകമായി പരിശോധനയും നടപടിയും ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തി മുസ്ലിം സ്ത്രീകളെ പോളിംഗ് ബൂത്തിൽ നിന്ന് അകറ്റി നിർത്തുകയെന്നതായിരുന്നു സി.പി.എം തന്ത്രം.
ഈ പ്രചാരണത്തെ റീപോളിംഗിൽ കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തിയാണ് മുസ്ലിം വനിതകൾ ചെറുത്തു തോൽപ്പിച്ചത്. മുഖംമറച്ചതും അല്ലാത്തതുമായ പർദ്ദ ധരിക്കുക എന്നത് വിശ്വാസപരവും വ്യക്തി സ്വാതന്ത്ര്യപരവുമായി വനിതക്കുള്ള അവകാശമാണ്. ഇക്കാലമത്രയും രാജ്യത്താകമാനം ഇതു ധരിച്ച് പോളിംഗ് ബൂത്തിലെത്തി തിരിച്ചറിയൽ കാർഡ് കാണിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പോളിംഗ് ഏജന്റുമാരെയും ബോധ്യപ്പെടുത്തിയാണ് അവർ വോട്ടു ചെയ്യുന്നത്.
ബി.ജെ.പി ശക്തി പ്രദേശങ്ങളിൽ പോലും മുസ്ലിം സ്ത്രീകൾക്ക് നേരെ പ്രയോഗിക്കാത്ത വർഗീയതയാണ് സി.പി.എം പർദ്ദ വിരുദ്ധയിലൂടെ പ്രയോഗിച്ചത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ബൂത്തുകളിൽ കയറി പ്രകോപനം സൃഷ്ടിച്ചത് അവരുടെ പരാജയ ഭീതിയാണ് വെളിപ്പെടുത്തുന്നത്. അക്രമവും വർഗീയതയും ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാമെന്ന വ്യാമോഹം വിലപ്പോവില്ലെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നൽകി.