കോഴിക്കോട്: അബോധാവസ്ഥയിൽ കഴിയുന്ന അച്ഛനെ പരിചരിക്കുന്നതിനൊപ്പം എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ആര്യ രാജിനെ അഭിനന്ദിക്കാൻ മജീഷ്യൻ ഗോപിനാഥ് മുതുകാട് മലാപ്പറമ്പിലെ വീട്ടിലെത്തി.

ജീവിതം നെഗറ്റീവും പോസിറ്റീവും കലർന്നതാണെന്നും ജീവിതത്തിൽ ഉയർന്ന സ്ഥാനത്തെത്താൻ തുടർന്നും നന്നായി പഠിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
കണ്ണ് നഷ്ടപ്പെട്ടിട്ടും ഇരുപത്തിമൂന്നാം വയസിൽ സിവിൽ സർവീസ് പാസായ ലിബൻരാജിന്റെ കഥ അദ്ദേഹം ആര്യയ്ക്ക് പറഞ്ഞുകൊടുത്തു. അദ്ദേഹം ജീവിതത്തിൽ സംഭവിച്ച നെഗറ്റീവിനെ ഒരു തമാശയായിട്ടാണ് കണ്ടത്. അങ്ങനെയൊരു ദുരന്തം സംഭവിച്ചത് പോസിറ്റീവായി കരുതി അദ്ദേഹം മുന്നേറി.
ആര്യക്ക് ലാപ്ടോപും പഠനമേശയും സ്പോൺസർ ചെയ്ത മാതൃസ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി ഷാനും മുതുകാടിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബർ 25ന് കോട്ടയത്ത് വെച്ചുണ്ടായ അപകടത്തിലാണ് ആര്യയുടെ അച്ഛൻ രാജൻ തലയ്ക്ക് ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായത്. രണ്ട് മാസത്തോളം സ്‌കൂൾ വിദ്യാഭ്യാസം മുടങ്ങിയ ആര്യ ഡോക്ടർമാരുടെ ഉപദേശപ്രകാരം പാഠഭാഗങ്ങൾ ഉറക്കെ വായിച്ച് പഠിച്ച് പരീക്ഷ എഴുതുകയായിരുന്നു. അച്ഛനെ ഉണർത്താനുള്ള ആര്യയും പരിശ്രമമാണ് ഫുൾ എ പ്ലസ് നേട്ടത്തിലെത്തിയത്.