കോഴിക്കോട്: മലബാറിൽ പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കാൻ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് കെ.എസ്.യു സമരപ്രഖ്യാപന കൺവെൻഷൻ പ്രമേയം. 27നുള്ളിൽ ജില്ലകൾ കേന്ദ്രീകരിച്ച് പ്രതിഷേധ സമരങ്ങൾ നടത്തും. അരലക്ഷം വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് ആവശ്യമായ സീറ്റ് വർദ്ധിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എസ്.എസ്.എൽ.സി കഴിഞ്ഞ മലബാറിലെ വിദ്യാർത്ഥികളോടുള്ള അവഗണന അവസാനിപ്പിക്കുക, തുടർപഠനത്തിനാവശ്യമായ ഹയർ സെക്കണ്ടറി സീറ്റ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ടൗൺ ഹാളിൽ നടന്ന സമരപ്രഖ്യാപന കൺവെൻഷൻ എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. മലബാറിന് ആവശ്യമായ പ്ലസ് വൺ സീറ്റ് അനുവദിക്കുന്നതിൽ എന്ത് നിലപാടാണ് സർക്കാർ എടുത്തതെന്ന് വ്യക്തമാക്കണമെന്ന് എം.പി ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി പാസായ കുട്ടികൾക്ക് സീറ്റുകൾ നൽകേണ്ട ഉത്തരവാദിത്വം സർക്കാറിനുണ്ട്. കെ.എസ്.യുവിന്റെ നേതൃത്വത്തിൽ മറ്റു വിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് വിദ്യാഭ്യാസമന്ത്രിയെയും മുഖ്യമന്ത്രിയെയും ഗവർണറെയും നേരിൽ കണ്ട് നടപടിയെടുക്കാൻ ആവശ്യപ്പെടണമെന്നും എം.പി അഭിപ്രായപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ എല്ലാ വിദ്യാർത്ഥി സംഘടനകളെയും ഒരുമിപ്പിച്ച് ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകണമെന്നും ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസത്തിന് ആവശ്യമായ സീറ്റ് അനുവദിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ നടത്തുമെന്ന് കൺവെൻഷനിൽ അദ്ധ്യക്ഷത വഹിച്ച കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു. ചരിത്രകാരൻ എം.ജി.എസ് നാരായണൻ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി റഷീദ്, സംസ്ഥാന ഭാരവാഹികളായ മാത്യൂ കെ ജോൺ, ലയണൽ മാത്യൂ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലാ ഭാരവാഹികളായ വി.ടി നിഹാൽ, അമൽജോയി, ഹാരീസ് മുതൂർ, വി.ടി സൂരജ്, വി.പി ദുൽക്കിഫിൽ, പി.പി നൗഷീർ എന്നിവരും പങ്കെടുത്തു.