കോഴിക്കോട്: "അവൾ ഞങ്ങൾക്കൊപ്പം തന്നെയുണ്ട്, എന്റെയും കുട്ടികളുടെയും ഒപ്പം ജീവനായും നിഴലായും അഭിമാനമായും എപ്പോഴും..." ലിനിയുടെ പ്രിയതമൻ സജീഷിന്റെ വാക്കുകൾ മുറിഞ്ഞു.
രോഗീ പരിചരണത്തിനിടെ മാരക രോഗം സ്വയം വരിച്ച് സേവനത്തിന്റെ മഹത് സന്ദേശം ലോകത്തിന് നൽകി പറന്നകന്ന പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രി നഴ്സ് ലിനി. നിപ്പ ബാധയേറ്റ് ലിനി മരണമടഞ്ഞിട്ട് ഇന്ന് ഒരു വർഷം. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ, കുഞ്ഞുവിനെയും (5) സിദ്ധുവിനെയും (3) ഭർത്താവിനെ ഏല്പിച്ചാണ് ലിനി മറഞ്ഞത്. ഖത്തറിലെ ജോലി ഉപേക്ഷിച്ച് കുഞ്ഞുങ്ങൾക്കായി അയാൾ ജീവിക്കുന്നു. സർക്കാർ നൽകിയ ജോലി ആശ്വാസം.
ചെമ്പനോട കുറത്തിപ്പാറയിലെ ലിനിയുടെ വീട്ടിൽ കുഞ്ഞുങ്ങളുടെ കളിചിരികളാണ് നോവിന്റെ നൊമ്പരത്തിനിടെ സജീഷിനിന്ന് ആശ്വാസം. രാത്രി ചോറുണ്ട് കഴിഞ്ഞ് അച്ഛൻ നടുവിൽ കിടന്നേ ഇവർ ഉറങ്ങൂ. അമ്മൂമ്മ രാധ ഒപ്പമുണ്ടെങ്കിലും രാവിലെ ഓഫീസിൽ പോകും മുമ്പ് അച്ഛൻ തന്നെ കുളിപ്പിച്ച് ഭക്ഷണം നൽകണമെന്നും ഇവർക്ക് നിർബന്ധം.
മൂത്തവൻ കുഞ്ഞു (റിഥുൽ) ഒന്നാം ക്ളാസിലേക്കാണ്. യൂണിഫോം ധരിപ്പിച്ച് സ്കൂൾ വാഹനത്തിൽ യാത്രയാക്കുന്നതു കൂടി ഇനി സജീഷ് ഏറ്റെടുക്കണം. അച്ഛൻ ജോലിക്ക് പോവുമ്പോൾ സിദ്ധുവിന് ഉമ്മ വേണം, അല്ലെങ്കിൽ കരയും. ലിനി ആശുപത്രിയിലേക്കിറങ്ങുമ്പോൾ തുടങ്ങിയ ശീലമാണ്. ലിനിയുടെ മരണത്തെ തുടർന്ന് സർക്കാർ സജീഷിന് നൽകിയതാണ് കൂത്താളി പി.എച്ച്.സിയിലെ ക്ലാർക്ക് ജോലി.
മരണം ഉറപ്പായെന്നും കുഞ്ഞുങ്ങളെ നോക്കിക്കൊള്ളണമെന്നും ആശുപത്രിക്കിടക്കയിൽ വച്ച് സജീഷിന് ലിനി എഴുതിയ കത്ത് അവളുടെ ഫോട്ടോയ്ക്കൊപ്പം ഫ്രെയിം ചെയ്ത് ഉമ്മറത്ത് തൂക്കിയിട്ടുണ്ട്.
കോഴിക്കോടിനു പുറത്തും സുമനസുകളിൽ ഇപ്പോഴും ജീവിക്കുകയാണ് ലിനി. ദൂര ദേശങ്ങളിൽ നിന്നു വരെ കുട്ടികളെ കാണാൻ സമ്മാനങ്ങളുമായി കുറത്തിപ്പാറയിലെ വീട്ടിൽ ആൾക്കാരെത്തുന്നു.
ആ ആഗ്രഹം സാധിച്ചു കൊടുത്തു
കത്തിൽ ലിനി പറഞ്ഞ വലിയൊരാഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സജീഷ്. അച്ഛൻ ജോലി ചെയ്യുന്ന ഗൾഫിൽ പോണമെന്ന് മകൻ കുഞ്ഞു എപ്പോഴും പറയാറുണ്ടെന്നും അതു സാധിച്ചു കൊടുക്കണമെന്നും ലിനി എഴുതിയിരുന്നു. ലിനിയുടെ ജീവിതത്തെ ആസ്പദമാക്കി ആഷിക്ക് അബു ഒരുക്കുന്ന 'വൈറസ്' സിനിമയുടെ ട്രെയിലർ പ്രകാശനത്തിനായി അടുത്തിടെ ഖത്തറിൽ പോയപ്പോൾ കുഞ്ഞുവിനെയും കൂടെ കൊണ്ടുപോയി.