കൽപ്പറ്റ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വാർഷിക പദ്ധതികൾ ഭേദഗതി വരുത്തുമ്പോൾ മാലിന്യ സംസ്‌കരണ പദ്ധതികൾ ഏറ്റെടുക്കുന്നതിന് മുൻഗണന നൽകണമെന്ന് ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ആർ. അജയകുമാർ വർമ്മ നിർദ്ദേശം നൽകി. ത്രിതല പഞ്ചായത്ത് വാർഷിക പദ്ധതികളിൽ ആവശ്യമായ ഭേദഗതികളും പരിഷ്‌കാരങ്ങളും വരുത്തുന്നതിനുളള സമയപരിധി ജൂൺ 12ന് അവസാനിക്കും. തദ്ദേശം സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യ സംസ്‌കരണ പ്രോജക്ടുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
പദ്ധതി വിഹിതത്തിന്റെ 10 ശതമാനം ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളും 15 ശതമാനം നഗരസഭകളും, കോർപ്പറേഷനുകളും ശുചിത്വ മാലിന്യ സംസ്‌കരണത്തിനായി വകയിരുത്തണം.

പ്ലാസ്റ്റിക് അടക്കമുളള പാഴ്‌വസ്തുക്കൾ ശേഖരിച്ച് സൂക്ഷിക്കുന്നതിനും ഇനം തിരിച്ച് പുനഃചംക്രമണത്തിനും റോഡ് ടാറിങ്ങിനുമായി ഉപയോഗിക്കുന്നതിനും എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പിലാറ്റികളിലും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ഉറപ്പുവരുത്തണം. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങളും സ്ഥാപിക്കണം. ഇതിനാവശ്യമായ പ്രോജക്ടുകൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താനാണ് സർക്കാർ നിർദ്ദേശം. ജില്ലയിൽ ഇത്തരം പദ്ധതികൾക്കായി 20 ലക്ഷം രൂപ വീതം ഗ്രാമപഞ്ചായത്തുകൾക്ക് ശുചിത്വമിഷൻ മുൻകൂർ തുക അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

ജില്ലയിൽ നിലവിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 17 മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളും രണ്ട് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്.
ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി വീടുകളിൽ കിച്ചൻബിൻ, റിംഗ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, കലം കമ്പോസ്റ്റ്, ബയോ ഡൈജസ്റ്റർ പോട്ട് തുടങ്ങിയവ സ്ഥാപിക്കുന്നതിനുളള സാമ്പത്തിക സഹായവും പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി നൽകണം. സംവിധാനങ്ങൾ ഒരുക്കുന്നതിന് പരമാവധി 90 ശതമാനം വരെ സബ്‌സിഡി സർക്കാർ നൽകും. ചന്തകൾ, പൊതു സ്ഥാപനങ്ങൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ ജൈവ കമ്പോസ്റ്റിംഗ് സംവിധാനങ്ങളും ഒരുക്കും.
ദ്രവമാലിന്യ സംസ്‌കരണ പദ്ധതിയിൽ ഏറ്റവും പ്രാധാന്യം നൽകുന്നത് സെപ്‌റ്റേജ്/സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനാണ്. ജില്ലാ-താലൂക്ക് ആസ്പത്രികളിൽ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിനുളള സാമ്പത്തിക സഹായവും സാങ്കേതിക നിർദ്ദേശവും ശുചിത്വമിഷൻ നൽകും. മാനന്തവാടി ജില്ലാ ആശുപത്രിയിൽ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങി. സുൽത്താൻ ബത്തേരി താലൂക്ക് ആസ്പത്രിയിൽ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണ ഘട്ടത്തിലും, വൈത്തിരി താലൂക്ക് ആശുപത്രിയിലെ പ്ലാന്റിന് വിശദമായ പദ്ധതി രേഖ തയ്യാറാക്കി സാങ്കേതികനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
കൽപ്പറ്റ നഗരസഭയിൽ യൂനിസെഫിന്റെ സഹകരണത്തോടെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. മാർക്കറ്റുകൾ, മത്സ്യചന്തകൾ എന്നിവിടങ്ങളിലും ദ്രവമാലിന്യ സംസ്‌കരണ പദ്ധതികൾ ഒരുക്കുന്നതിനുളള സാമ്പത്തിക സഹായം ശുചിത്വ മിഷനിലൂടെ ലഭ്യമാക്കും. തദ്ദേശസ്ഥാപനങ്ങൾ ഇതിനാവശ്യമായ പ്രോജക്ടുകൾ തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാങ്കേതിക സഹായവും ഉപദേശവും ആവശ്യമുണ്ടെങ്കിൽ ശുചിത്വ മിഷനെ അറിയിക്കണമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടർ ആവശ്യപ്പെട്ടു.