സുൽത്താൻ ബത്തേരി: മൂലങ്കാവ് 64 മുതൽ ഇല്ലിച്ചോട് വരെയുള്ള പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷം. ഈ മേഖലയിലെ നിരവധി കർഷകരുടെ കാർഷിക നാണ്യ വിളകളാണ് വന്യ മൃഗങ്ങൾ ദിവസേനയേന്നോണം നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടാവുന്നത്. കാട്ടുപന്നി, മാൻ, കാട്ടാട്,കുരങ്ങ്, ആന,കടുവ തുടങ്ങിയ വന്യമൃഗങ്ങളാണ് കർഷകർക്ക് ജീവനും സ്വത്തിനും ഭീഷണിയാവുന്നത്. ഇവ കൃഷിയിടങ്ങളിലൂടെ യഥേഷ്ടം വിഹരിക്കുകയാണ്.

ദേശീയപാത 716-കടന്നുപോകുന്ന പ്രദേശമാണ് ഇത്. റോഡിന്റെ ഒരു ഭാഗം വന്യജീവി സങ്കേതത്തിൽപ്പെട്ട പ്രദേശമാണ്. മറുഭാഗം ജനവാസകേന്ദ്രമാണ്. വന്യജീവി സങ്കേതത്തിനകത്ത് നിന്ന് മൃഗങ്ങൾ കൂട്ടത്തോടെയാണ് കർഷകരുടെ കൃഷിയിടത്തിലേക്ക് എത്തുന്നത്.
വനാതിർത്തിയിൽ കിടങ്ങും ഫെൻസിങ്ങും സ്ഥാപിച്ച് മൃഗങ്ങൾ വനത്തിൽ നിന്ന് പുറത്ത് കടക്കാതിരിക്കുന്നതിന്‌ നടപടിയെടുത്തെങ്കിലും കിടങ്ങും ഫെൻസിങ്ങും പരാജയമാകുകയായിരുന്നു. ഫെൻസിങ്ങിന്റെ റിപ്പയറിംഗ് കൃത്യമായി നടക്കാത്തതിനാൽ കമ്പി പല ഭാഗത്തും പൊട്ടി മൃഗങ്ങൾക്ക് പുറത്ത് കടക്കാൻ അവസരമായി. കിടങ്ങാകട്ടെ മണ്ണിടിഞ്ഞും മറ്റും പല ഭാഗത്തും ഇല്ലാതായി. ഈ ഭാഗങ്ങളിലൂടെയാണ് വന്യമൃഗങ്ങൾ യഥേഷ്ടം കൃഷിയിടങ്ങളിലെത്തുന്നത്.
ട്രഞ്ചിന്റെയും കമ്പിവേലിയുടെയും റിപ്പയറിംഗ്‌ ജോലികൾ നടത്തിയിട്ട് പത്ത് വർഷം കഴിഞ്ഞു. കിടങ്ങ് മണ്ണിടഞ്ഞ് നികന്ന്‌പോയ ഭാഗം റിപ്പയർ ചെയ്യിക്കണമെന്ന് കർഷകർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും വനവകുപ്പ്‌ കേട്ടകാര്യംപോലും നടിച്ചില്ല. തൊഴിലുറപ്പ്കാരെകൊണ്ട് ട്രഞ്ചിന്റെജോലി ചെയ്യിക്കുന്നതിന്‌വേണ്ടി ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും അതിനും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.നിലവിൽ ട്രഞ്ചിനോട്‌ചേർന്ന പ്രദേശത്തെ അടിക്കാടുകൾ വെട്ടി വെളുപ്പിച്ചാൽ തന്നെ വന്യമൃഗങ്ങൾ യഥേഷ്ടം കർഷകരുടെ കൃഷിയിടത്തിലേക്ക് എത്തുകയില്ല.റോഡരുകിലെ കാടുകൾ വെട്ടി വെളുപ്പിച്ചാൽ മൃഗങ്ങളെ ദൂരെനിന്ന് തന്നെ ആളുകൾക്ക് കാണാനാവും

മഴക്കാലം ആരംഭിക്കുന്നതോടെ ആന,മാൻ തുടങ്ങിയവ കാട്ടിൽ തങ്ങാതെ തുറസായ സ്ഥലങ്ങളിൽ സുരക്ഷിതതാവളംതേടി എത്തും. ഈ സമയത്താണ് ഏറ്റവുമധികം മൃഗശല്യം ഉണ്ടാവുക. മഴ തുടങ്ങുന്നതിന് മുമ്പ് ട്രഞ്ചിന്റെ നിർമ്മാണവും കമ്പിവേലിയുടെ റിപ്പയറിംഗും പൂർത്തിയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇപ്പോൾ നിലവിലുള്ള ഇലക്ട്രിക് ഫെൻസിംഗ് നെറ്റ് രൂപത്തിൽ 10 അടിയിൽ സ്ഥാപിച്ചാൽ വന്യമൃഗങ്ങൾ കർഷകരുടെ കൃഷിയിടത്തിലേക്ക് എത്തുന്നത് തടയാനാകും.