കൽപ്പറ്റ: ബി.എസ്‌സി നഴ്‌സിങ്ങ് മുതൽ റോബോട്ട് എൻജിനീയറിങ്ങ് വരെ ഉപരി പഠനരംഗത്തെ പാഠ്യ വിഷയങ്ങളുടെ പട്ടികയ്ക്ക് ഓരോ വർഷവും നീളം കൂടുന്നു. എന്നാൽ പഠന വായ്പയാകട്ടെ കിട്ടാക്കനിയും.

സ്വാശ്രയ സ്ഥാപനങ്ങളിലാണ് കോഴ്സുകൾ ഏറെയും. അതും ഇതര സംസ്ഥാനങ്ങളിൽ.വലിയ സാമ്പത്തിക ചെലവ് വരുന്ന കോഴ്‌സുകൾ പഠിക്കാൻ പലരും ബാങ്കുകളുടെ പഠന വായ്പകളേയാണ് ആശ്രയിക്കുന്നത്. വായ്പയെടുത്ത് പഠിച്ചവർക്ക് അത് തിരിച്ചടക്കാതെ വന്നതോടെയാണ് വായ്പ കിട്ടാൻ പ്രയാമായിത്തുടങ്ങിയത്. 2004 മുതലാണ് പ്രൊഫഷണൽ കോഴ്‌സുകൾക്ക് ബാങ്കുകൾ വായ്പ നൽകിതുടങ്ങിയത്. 2009 മുതൽ പഠന കാലയളവിൽ വായ്പയ്ക്ക് പലിശ ഒഴിവാക്കി. ഈ രണ്ടു ഗണത്തിലും പെട്ട പഴയ വായ്പകളിൽ എഴുപത് ശതമാനത്തിലധികവും തിരിച്ചടവിൽ വീഴ്ച വരുത്തിയവരാണെന്ന് ബാങ്ക് അധികൃതരും ചൂണ്ടിക്കാട്ടുന്നു.

ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതിന് പഠന വായ്പകൾ കാരണമാകുന്നതായും ഇവർ പറയുന്നു.ബി.എസ്‌സി നഴ്‌സിങ്ങിനും ചില എൻജിനീയറിങ്ങ് കോഴ്‌സുകൾക്കും നാലു ലക്ഷം രൂപ വീതം വായ്പയെടുത്ത് പഠനം പൂർത്തിയാക്കിയശേഷം രാജ്യത്തിന് അകത്തും പുറത്തും ഉയർന്ന ശമ്പളത്തിൽ ജോലിചെയ്യുന്നവർ പോലും വായ്പ തിരിച്ച് അടയ്ക്കുന്നില്ലെന്നും ബാങ്ക് മേധാവികൾ പറയുന്നു.
അയൽ സംസ്ഥാനങ്ങളിലെ സ്വാശ്രയ സ്ഥാപനങ്ങളിൽ പ്രവേശനം തേടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി പരമ്പരാഗത ഡിഗ്രി കോഴ്‌സുകളിലേക്കുളള അപേക്ഷകരുടെ എണ്ണം ഗണ്യമായി ഉയരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഒരു പതിറ്റാണ്ടു മുമ്പ് വിദേശ തൊഴിൽ വിപണികളിൽ തൊഴിൽ തേടി പുതുതലമുറ കോഴ്‌സുകൾക്ക് പിന്നാലെ പോയവരുടെ പിൻഗാമികൾ മാറിചിന്തിച്ചുതുടങ്ങി. അടുത്ത കാലം വരെ അപേക്ഷിക്കാൻ ആളുകളില്ലാതിരുന്ന മലയാളം,ഹിന്ദി തുടങ്ങിയ ഭാഷാ വിഷയങ്ങൾക്കും അപേഷകരുടെ എണ്ണം കൂടിവരികയാണത്രെ. വായ്പയെടുത്ത് പഠിച്ചിട്ടും ജോലി കിട്ടാത്തവരുടെ അനുഭവങ്ങളും വായ്പ കിട്ടാനുളള ബുദ്ധിമുട്ടുകളും പരമ്പരാഗത വിഷയങ്ങൾക്ക് ആവശ്യക്കാരേറാൻ കാരണമാവുന്നുണ്ട്.