കുറ്റ്യാടി: 2019 മെയ് 20നായിരുന്നു പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പി കടയിൽ ദുരന്തം വിതച്ചത് നിപ്പ വൈറസാണെന്ന സ്ഥിരീകരണം ലഭിച്ചത്. സാബിത്ത് ,സഹോദരൻ സാലീഹ്, ഇവരെ പരിചരിച്ച നേഴ്‌സ് ലിനിഷ, മുസ, മറിയം എന്നിങ്ങനെ പതിനാറ് പേരെ ഒരോരുത്തരയായി നിപ്പ മരണത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ രംഗം ലോക മനസാക്ഷിയെ തന്നെ ഞെട്ടിക്കുകയായിരുന്നു.
നിപ്പ പിടിപെട്ട് പാറക്കടവ് ഉമ്മത്തൂരിലെ തട്ടാന്റവിട അശോകൻ മരണമടഞ്ഞിട്ട് മെയ് 22ന് ( നാളെ) ബുധനാഴ്ച്ച ഒരു വർഷം തികയും . അശോകന് നിപ്പ പകർന്നത് എങ്ങിനെ എന്ന് ആദ്യഘട്ടത്തിൽ ഏറെ ദുരൂഹത ഉളവാക്കിയിരുന്നു . മെയ് അഞ്ചാം തിയ്യതി നിപ്പ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ സാബിത്തിനെ സഹായിച്ചതിൽ നിന്നാണ് അശോകന് വൈറസ് ബാധ ഉണ്ടായതെന്ന് പിന്നീട് തെളിയുകയുണ്ടായി . അബോധാവസ്ഥയിൽ സ്‌കാനിംഗിന് കൊണ്ടു വന്ന സാബിത്തിനെ സ്‌കാനിംഗ് റൂമിൽ കയറ്റാനും ,ടേബിളിൽ കിടത്താനും അശോകൻ ഏറെ സഹായിച്ചിരുന്നു. പൊതുവെ രോഗികളെ സഹായിക്കാൻ താല്പര്യമെടുക്കാറുള്ള ആളാണ് അശോകൻ .പിതാവ് ചാത്തുവിന്റെ ചികിത്സക്കാണ് അശോകൻ മെഡിക്കൽ കോളേജിൽ എത്തിയത് .പിന്നീട് ഒരാഴ്ച തികയുന്നതിന് മുൻപേ പനിയുടെ ലക്ഷണം കാണിക്കുകയും ,പാറക്കടവ് പിഎച്ച്സിയിലും ,തുടർന്ന് തലശ്ശേരി സഹകരണ ആശു പത്രിയിലും , പനി മൂർച്ചി ച്ചതിനാൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു .മെയ് ഇരുപത്തി രണ്ടിനായിരുന്നു മരണം . പേരാമ്പ്രക്ക് പുറത്തുള്ള ആദ്യ നിപ്പ മരണമാണ് അശോകന്റേത്