പുൽപള്ളി: കോഴവാങ്ങി വിവിധ തസ്തികകളിൽ 11 നിയമനങ്ങൾ നടത്താനുള്ള മുള്ളൻകൊല്ലി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയുടെ നീക്കത്തിനെതിരെ സി പി എം പാടിച്ചിറ, മുള്ളൻകൊല്ലി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് മാർച്ചും ധർണയും നടത്തി.
എട്ട് മുതൽ 15 ലക്ഷം രൂപ വരെയാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് ബാങ്ക് ഭരണസമിതി വാങ്ങുന്നതെന്നാണ് ആരോപണം. അപേക്ഷകരിൽ നിന്ന് 500 രൂപ വീതം ഫീസായി ഈടാക്കുന്നുണ്ട്. അഴിമതി നിയമനം ഉപേക്ഷിച്ചില്ലെങ്കിൽ ഈ മാസം 29 ന് നടത്തുന്ന എഴുത്ത് പരീക്ഷയും ഇൻർവ്യുവും തടയുമെന്ന് സി പി എം വ്യക്തമാക്കി.
ധർണ സി പി എം പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എലസ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി എ മുഹമ്മദ് അദ്ധ്യക്ഷനായി. ഡി വൈ എഫ് ഐ പുൽപള്ളി ബ്ലോക് സെക്രട്ടറി ബൈജു നമ്പിക്കൊല്ലി സംസാരിച്ചു. കെ. വി. ജോബി സ്വാഗതവും സി പി വിൻസന്റ് നന്ദിയും പറഞ്ഞു.

വന്യമൃഗ ശല്യം: ഫോറസ്റ്റ്ഓഫീസിലേക്ക് മാർച്ച്

പുൽപ്പള്ളി:പൂതാടി പഞ്ചായത്തിലെ മരിയനാട്, വട്ടത്താനി, അഴീക്കോടൻ നഗർ, വാകേരി, മൂടക്കൊല്ലി ഭാഗങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യത്തിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് സർവ്വ കക്ഷി ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെതലയം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. ദിവസങ്ങളായി കാട്ടാനകൾ കൃഷിയിടങ്ങൾ ചവിട്ടി മെതിക്കുകയാണ്. ഇക്കൂട്ടത്തിൽ കടുവ ഭീഷണിയും പൊതുജന ജീവിതം ദുരിതമാക്കുന്നു. റേഞ്ച് ഓഫീസറുമായി നേതാക്കൾ നടത്തിയ ചർച്ചയിൽ ഇടിഞ്ഞുപോയ കൻമതിലുകൾ നന്നാക്കാമെന്നും കൃഷിനാശം സംഭവിച്ചവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകാമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
ധർണ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത് അംഗം ബിന്ദു ദിവാകരൻ അദ്ധ്യക്ഷയായി പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യൻ, സി പി എം ജില്ലാ കമ്മറ്റി അംഗം, പി. എസ്. ജനാർദ്ദനൻ, കെ. സി. മധു, ടി. ആർ. രവി, ടി. പി. ശശി എന്നിവർ സംസാരിച്ചു. സജീവൻ സ്വാഗതവും സി. കെ. അയ്യൂബ് നന്ദിയും പറഞ്ഞു.