മാനന്തവാടി: ആദിവാസി യുവതികൾക്ക് ഡ്രൈവിംഗ് പഠിക്കാൻ അപേക്ഷ നൽകി മാസങ്ങൾ പിന്നിട്ടിട്ടും ട്രൈബൽ വകുപ്പ് ധന സഹായമില്ല.മാനന്തവാടി കേരള മഹിളാ സമഖ്യ വഴി അപേക്ഷ നൽകിയ 18 പേരാണ് ട്രൈബൽ വകുപ്പിന്റെ ധന സഹായത്തിനായി കാത്തിരിക്കുന്നത്.മാനന്തവാടി താലൂക്കിലെ വിവിധ കോളനികളിൽ താമസിക്കുന്ന 18 യുവതികളാണ് വേനലവധി കാലത്ത് ഡ്രൈവിംഗ് പഠിക്കാനായി രംഗത്തെത്തിയത്.ഇരുചക്രനാലു ചക്രവാഹനമോടിക്കുന്നത് പഠിക്കാനായി താൽപ്പര്യമുണ്ടെന്നറിയിച്ച് ഈ യുവതികൾ താമസിച്ചു പഠിക്കുന്ന മഹിളാ സമഖ്യ സൊസൈറ്റി മുഖേന ഫിബ്രുവരിയിൽ തന്നെ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകുകയും ചെയ്തു.കൽപ്പറ്റയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് വഴിയാണ് ആദിവാസി യുവതികളെ ഡ്രൈവിംഗ് പഠിപ്പിച്ചിരുന്നത്.ഇതിനുള്ള ഫണ്ട് അനുവദിക്കേണ്ടത് ട്രൈബൽ വകുപ്പാണ്.എന്നാൽ ജില്ലാകളക്ടർ വഴി ട്രൈബൽ വകുപ്പിൽ അപേക്ഷ നൽകി മൂന്ന് മാസം പിന്നിട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് ആക്ഷേപം.മുൻ കാലങ്ങളിലെല്ലാം അപേക്ഷ നൽകിയാൽ രണ്ടാഴ്ചയ്ക്കകം അന്വേഷണം നടത്തി ഫണ്ടനുവദിച്ചിരുന്നു. എന്നാൽ മൂന്ന് മാസമായിട്ടും യാതൊരു പ്രതികരണവും ഈ വിഷയത്തിലുണ്ടായിട്ടില്ല.വേനലവധി കഴിയുന്നതോടെ അപേക്ഷ നൽകിയ പലരും പല ജില്ലകളിലേക്കും സ്‌കൂൾ പഠനത്തിനായി പോവും.ഇതോടെ ഉപജീവനത്തിനായി എപ്പോഴെങ്കിലും ഉപകാരപ്പെട്ടേക്കാവുന്ന ഡ്രൈവിംഗ് പഠനം അസാധ്യമാവുമെന്നാണ് ഇവരുടെ ആശങ്ക.