സുൽത്താൻ ബത്തേരി: നഗരസഭയുടെ നേതൃത്വത്തിൽ പൊലീസ്, എക്‌സൈസ്, ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ്, നഗരസഭാ ആരോഗ്യ വിഭാഗം, സ്‌കൂൾ പി.ടി.എ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരിച്ചു.
സ്‌കൂൾ, കോളേജ് പരിസരങ്ങൾ കേന്ദ്രികരിച്ചും, ബത്തേരി ടൗണിലും, പരിസരത്തും അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലും വർദ്ധിച്ച് വരുന്ന മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗവും, വ്യാപനവും തടയുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനു മുൻപായി വ്യാപക പരിശോധന നടത്താൻ തീരുമാനിച്ചു. നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി അടച്ചു പൂട്ടിക്കുന്നതടക്കമുള്ള കർശന നടപടികളുണ്ടാവും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പി ടി എ, ജനറൽ ബോഡിയിൽ വെച്ച് സ്‌കൂൾതല നിരീക്ഷണ സമിതികൾ രൂപീകരിക്കുകയും ബോധവത്ക്കര പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. യോഗത്തിൽ നഗരസഭാ ചെയർമാൻ ടി.എൽ സാബു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.കെ സഹദേവൻ, ബാബു അബ്ദുൾ റഹ്മാൻ, കൗൺസിലറായ അഹമ്മദ്കുട്ടി കണ്ണിയൻ, നഗരസഭാ സെക്രട്ടറി അലി അസ്ഹർ.എൻ.കെ, എ.എസ്.ഐ വിനീഷ്. വി.എം, എക്‌സൈസ് ഇൻസ്‌പെക്ടർ ജനാർദ്ധനൻ വി.ആർ, ഡ്രഗ് കൺട്രോൾ ഇൻസ്‌പെക്ടർ അനസ്. ടി.എം, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ.കെ.ടി തുളസീധരൻ, ഡോ: അമൽജിത്ത്, ഡോ: ഹരിലാൽ, ടി.പി ബാബു, എൻ.കെ ഷാജി എന്നിവർ പങ്കെടുത്തു.