lilly
ലില്ലി ടീച്ചർ

ചേകാടി: 36 വർഷത്തെ അദ്ധ്യയന ജീവിതത്തിന്‌ശേഷം മുള്ളൻകൊല്ലി കൈതപ്പാടത്ത് ലില്ലിടീച്ചർ അദ്ധ്യാപക ജീവിതത്തോട് വിടപറയാനൊരുങ്ങുന്നു. പുൽപ്പള്ളി മേഖലയിലെ വനഗ്രാമമായ ചേകാടി എൽ പി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക സ്ഥാനത്ത് നിന്നാണ് ഇവർ ജൂൺ 30ന് വിരമിക്കുന്നത്.

കണ്ണൂർ സ്വദേശിയായ ലില്ലി വിവാഹത്തോടെയാണ് പുൽപ്പള്ളിയിലെത്തിയത്. 1987ൽ പെരിക്കല്ലൂർ ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു ആദ്യനിയമനം. പെരിക്കലൂരിൽ നിന്ന് അതിരാറ്റുകുന്ന് ഗവ. ഹൈസ്‌ക്കൂളിലേക്കായിരുന്നു സ്ഥലം മാറ്റം ലഭിച്ചത്. അവിടെ ആറ് വർഷംജോലി ചെയ്തശേഷമാണ്‌ചേകാടിയിലെത്തിയത്. വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ചേകാടി ഗ്രാമത്തിൽ സ്വാതന്ത്ര്യത്തിനും മുമ്പ് 1924ൽ സ്ഥാപിതമായതാണ് ഈ എൽ പി സ്‌കൂൾ. നിലവിൽ 82 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ 73പേരും പട്ടികവർഗത്തിൽപ്പെട്ടവർ. സ്ഥിരം നിയമനത്തിന് ഒരദ്ധ്യാപകരും താൽപര്യം കാണിക്കാത്ത ചേകാടി സ്‌കൂളിൽ താൽക്കാലിക അദ്ധ്യാപകരായിരുന്നു ജോലി ചെയ്തുവന്നിരുന്നത്. എല്ലാ വർഷവും അദ്ധ്യാപകർ മാറിക്കൊണ്ടിരുന്നു. കുട്ടികൾ മലയാള അക്ഷരംപോലും കൃത്യമായി എഴുതാൻ സാധിക്കാത്ത അവസ്ഥ. എന്നാൽ വർഷങ്ങളുടെ അനുഭവജ്ഞാനമുള്ള ഈ അധ്യാപിക കുട്ടികളെ വളരെ സൂക്ഷ്മതയോടെ എഴുതാൻ പഠിപ്പിച്ചു.

ലില്ലിടീച്ചർ കൂടിപോകുന്നതോടെ ഒരദ്ധ്യാപകൻ പോലുമില്ലാത്ത അവസ്ഥയിലാണ്‌ചേകാടി എൽ പി സ്‌കൂൾ. തിരഞ്ഞെടുപ്പ് ആയതിനാൽ പുതിയ നിയമനം ഇതുവരെയുണ്ടായിട്ടില്ല.

നാല് അദ്ധ്യാപകരാണ്‌ ചേകാടി സ്‌കൂളിൽ വേണ്ടത്. ഇവിടേക്ക് എത്തിപ്പെടാനുള്ള പ്രയാസം കാരണം മിക്കവരും ഇവിടേക്ക് വരാൻ മടിക്കുകയാണ്. കാട്ടാനശല്യവും ഇവിടെ രൂക്ഷമാണ്. ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒട്ടും നിലവാരമില്ലാത്ത അവസ്ഥയിലായിരുന്ന ചേകാടി സ്‌കൂളിലെ കുട്ടികളെ സ്‌നേഹത്തോടെ അടുത്തിരുത്തിയാണ് ടീച്ചർ പഠിപ്പിച്ചെടുത്തത്. യു പി മുതൽ പഠനം തുടരാൻ 13 കിലോമീറ്ററോളം താണ്ടി പുൽപ്പള്ളിയിലെത്തണം. യു പിയായി അപ്രഗേഡ് ചെയ്യണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

മുള്ളൻകൊല്ലി സെന്റ്‌മേരീസ് സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന ടോംതോമസാണ് ലില്ലിടീച്ചറുടെ ഭർത്താവ്. നിമ്മി, അഖിൽ, അഞ്ജലി എന്നിവരാണ് മക്കൾ.