കോഴിക്കോട്: ഇരുമ്പ് സാധനങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ള ശബ്ദമലിനീകരണം അവസാനിപ്പിക്കാൻ നഗരസഭാ സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
വെസ്റ്റ് കല്ലായിയിൽ പ്രവർത്തിക്കുന്ന ലിയോ ഇൻഡസ്ട്രീസിലെ ശബ്ദമലിനീകരണം അവസാനിപ്പിക്കാനാണ് കമ്മീഷൻ അംഗം പി. മോഹനദാസിന്റെ ഉത്തരവ്. സമീപവാസിയായ പി.സി. അബ്ദുൾ ലത്തിഫ് നൽകിയ പരാതിയിലാണ് നടപടി.
കമ്മീഷന്റെ നിർദ്ദേശാനുസരണം മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നുള്ള ശബ്ദം നിയന്ത്രിത അളവിനേക്കാൾ കൂടുതലാണെന്ന് പറയുന്നു. ശബ്ദ ശല്യം കാരണം സമീപവാസികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇതൊഴിവാക്കാനായി സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലം ഭിത്തികെട്ടി അടച്ച് ഉറപ്പാക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ഇരുമ്പ് ലോഡ് ചെയ്യുമ്പോഴും അൺലോഡ് ചെയ്യുമ്പോഴുമുള്ള കടുത്ത ശബ്ദം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ബോർഡ് നൽകിയ നിർദ്ദേശങ്ങൾ സ്ഥാപനത്തിൽ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് ബോർഡും നഗരസഭയും ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ച ശേഷം നഗരസഭാ സെക്രട്ടറി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.