സുൽത്താൻ ബത്തേരി: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, വിവിപാറ്റ് എന്നിവ സൂക്ഷിക്കാൻ സുൽത്താൻ ബത്തേരിയിൽ പുതിയ കെട്ടിടമൊരുങ്ങി. സംസ്ഥാനത്ത് ആദ്യത്തെ ഇ വി എം, വി വി പാറ്റ് വെയർഹൗസ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സുൽത്താൻ ബത്തേരി മിനി സിവിൽസ്റ്റേഷൻ പരിസരത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കളക്ടർ എ.ആർ.അജയകുമാർ അദ്ധ്യക്ഷത വഹിക്കും.
മിനി സിവിൽസ്റ്റേഷൻ പരിസരത്ത് 30 സെന്റ് സ്ഥലത്ത് 1.54 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. 815.97 സ്‌ക്വയർ മീറ്ററിൽ രണ്ടു നിലകളിലായി നിർമിച്ച കെട്ടിടത്തിൽ 2,000 വീതം ഇ വി എം, വിവിപാറ്റ് യന്ത്രങ്ങൾ സൂക്ഷിക്കാം. ഇതിനു പുറമെ റിസീവിങ്, ഡെസ്പാച്ച് മുറികളും ആദ്യഘട്ട പരിശോധനാ ഹാൾ, വാഷ് റൂമുകൾ എന്നിവയുമുണ്ട്. പൊതുമരാമത്ത് വകുപ്പാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്. വോട്ടെണ്ണലിനു ശേഷം വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഇവിഎം, വിവിപാറ്റ് മെഷീനുകൾ സുൽത്താൻ ബത്തേരിയിലെ ഗോഡൗണിലാവും സൂക്ഷിക്കുക.