മാനന്തവാടി: യുവാക്കളിലും വിദ്യാർത്ഥികൾക്കിടയിലും കഞ്ചാവ് ഉപയോഗം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ കഞ്ചാവ് സംഘങ്ങളെ നിയന്ത്രിക്കാൻ എക്‌സൈസ് നടപടി തുടങ്ങി. വെള്ളമുണ്ടയിൽ കഴിഞ്ഞ ദിവസം കഞ്ചാവ് ഉപയോഗിച്ച അഞ്ച് വിദ്യാർത്ഥികളെ എക്‌സൈസ് പിടികൂടി. രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം വിദ്യാർത്ഥികളെ താക്കീത് ചെയ്ത് കൗൺസിലിംഗ് നൽകി വിട്ടയച്ചു. ഇതോടൊപ്പം 50 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വെള്ളമുണ്ട എട്ടേനാൽ വട്ടക്കോളി അബ്ദുൾ മുത്തലിബ് (21) ആണ് അറസ്റ്റിലായത്. ആളൊഴിഞ്ഞ കെട്ടിടങ്ങളിലും മറ്റു സ്ഥലങ്ങളിലും ഇത്തരത്തിൽ വിദ്യാർത്ഥികളടക്കമുള്ളവരെ നിരീക്ഷിച്ച് വരുന്നതായും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീൻ പറഞ്ഞു.