മാനന്തവാടി: വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായ മരം മുറിച്ചു മാറ്റാൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തീരുമാനം.മരത്തിന് ചുവട്ടിലായി പാർക്ക് ചെയ്യുന്ന ടാക്‌സി ജീപ്പുകൾക്കും വഴിയാത്രക്കാർക്കും മരം ഭീഷണിയായതിനെ കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാന്റിന്
സമീപത്തെ രണ്ട് മരങ്ങൾ മുറിച്ച് മാറ്റുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ അപകട ഭീഷണിയിലായ രണ്ട് മരങ്ങളെ കുറിച്ചും കേരളാകൗമുദി

കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി വാഹനങ്ങൾ പോകുന്ന മാനന്തവാടി തലശ്ശേരി റോഡിന്റെ ഓരത്ത് ചേർന്നാണ് അപകട ഭീഷണിയായ മരം നിൽക്കുന്നത്. മരങ്ങൾ മുറിച്ചുനീക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് തീരുമാനം ജനങ്ങളുടെ സുരക്ഷ മുൻനിർത്തി കൂടിയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു പറഞ്ഞു.
രണ്ട് മരങ്ങൾ മുറിച്ച് മാറ്റുന്നതോടൊപ്പം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ നിൽകുന്ന മറ്റ് മരങ്ങളുടെ ശിഖിരങ്ങളും മുറിച്ച് മാറ്റാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. മുറിച്ചു മാറ്റൽ പ്രവർത്തി തുടങ്ങി കഴിഞ്ഞു.രണ്ട് ദിവസത്തിനകം പണി പൂർത്തിയാവും.