കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി കോൺഗ്രസ്സിലെ വിജി മുപ്രമ്മൽ തിരഞ്ഞെടുക്കപ്പെട്ടു. ആലത്തൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച രമ്യ ഹരിദാസ് രാജി വെച്ച ഒഴിവിലാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ചെത്തു കടവ് ഡിവിഷനെയാണ് വിജി മുപ്രമ്മൽ പ്രതിനിധീകരിക്കുന്നത്. 19 അംഗ ഭരണസമിതിയിൽ യു ഡി എഫിന് 10 ഉം എൽ ഡി എഫിന് 9ഉം അംഗങ്ങളാണുള്ളത്. വരണാധികാരിയായ എ.സി.സി (ജനറൽ) പി.എം. മനോജ് നോട്ടീസ് നൽകിയതനുസരിച്ച് ഇന്നലെ രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫിൽ നിന്ന് വിജിമുപ്രമ്മൽ എൽ ഡി എഫിൽ നിന്ന് സുനിത എന്നിവർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചപ്പോൾ പ്രതിപക്ഷ നിരയിൽ ഒരാൾ കുറവ്. തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച് കഴിഞ്ഞതിനാൽ വൈകിഎത്തിയ അംഗത്തെ ചട്ടപ്രകാരം തെരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുപ്പിക്കാൻ സാധിക്കില്ലെന്ന വരണാധികാരിയുടെ തീരുമാനം ഭരണകക്ഷി അംഗീകരിച്ചു. തുടർന്ന് പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.ഹാജരായ 10 വോട്ടുകൾ നേടിയ യു ഡി എഫിലെ കോൺഗ്രസ് സ്ഥാനാർത്ഥി വിജി മുപ്രമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.