കോഴിക്കോട്: പറവൂരിലെ ശാന്തിവന നശീകരണത്തിനെതിരെ കോഴിക്കോട്ടെ പരിസ്ഥിതി പ്രവർത്തകർ കേരള നദി സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തി വനം ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.
വൈക്കം മുഹമ്മദ് ബഷീർ റോഡിൽ നടന്ന പരിപാടി പ്രശസ്ത ചരിത്രകാരൻ എം.ജി.എസ് നാരായണൻ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്.എന്നാൽ ശാന്തിവനത്തിന്റെ കാര്യത്തിൽ ഇതിന് വിപരീതമായിട്ടാണ് പ്രവർത്തിക്കുന്നത്.ശാന്തി വനം നശിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരു തരത്തിലും കൂട്ട് നിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരള നദീ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി രാജൻ അദ്ധ്യക്ഷത വഹിച്ചു.
എറണാകുളം ജില്ലയിലെ പറവൂരിലെ അതീവ ജൈവ സമ്പത്തുള്ള ശാന്തിവനത്തിന്റെ നടുവിലൂടെ വൈദ്യുത ടവർ നിർമ്മിക്കാനുള്ള കെ.എസ്.ഇ.ബിയുടെ തീരുമാനത്തിനെതിരെ എറണാകുളം ജില്ലയിലെ പരിസ്ഥിതി പ്രവർത്തകർ സമരം നടത്തി വരികയാണ്. ഇവരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.മദ്യവിരുദ്ധ സമിതി നേതാവ് ഇയ്യാച്ചേരി കുഞ്ഞകൃഷ്ണൻ, എ ശ്രീവത്സൻ, എ രാജി, പി.കെ ശശി, സുമ പള്ളിപ്രം, വിശ്വനാഥൻ പെരിങ്ങളം എന്നിവർ പ്രസംഗിച്ചു.ടി.വി ശബരീശൻ സ്വാഗതം പറഞ്ഞു.