വടകര: ലോകസഭാ തെരഞ്ഞെടുപ്പ് ഫലത്തെ ഇടതുപക്ഷം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും വ്യവസായ മന്ത്രിയുമായ ഇ.പി.ജയരാജന്‍. സിപിഎം വടകര ഏരിയാ കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇ.കെ.നായനാര്‍-കേളുഏട്ടന്‍ ദിനാചരണം കോട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മോദി ഭരണത്തിന് അവസാനം കുറിക്കണമെന്നതാണ് ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാട്. ഇതിന് ആവശ്യമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. എക്സിറ്റ് പോളുകള്‍ കൊണ്ട് വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെങ്കിലും ജനമനസ് മാറ്റാനാകില്ല. കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ മനസുള്ളവരാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണ് കേരളമെന്നത് ഇതിനകം തെളിയിച്ചതാണ്. ഇന്ത്യയിലെ വലതുപക്ഷ ശക്തികള്‍ ഇന്ന് ആക്രമിക്കുന്നത് സിപിഎമ്മിനെ മാത്രമാണ്. രാജ്യത്തിന്റെ വളര്‍ച്ചക്കായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെ ഇല്ലാതാക്കാനാണ് വലതുപക്ഷ ശക്തികളുടെ ശ്രമം. കൂടുതല്‍ ജനപിന്തുണ സ്വരൂപിച്ച് ഇതിനെ ചെറുക്കേണ്ടിയിരിക്കുന്നു. ഫാസിസ്റ്റ് ഭീകരതയുടെ നാടായിരുന്ന ബംഗാളില്‍ ജനാധിപത്യം പുനഃസ്ഥാപിച്ചത് ഇടതുപക്ഷമാണ്. ഇന്ന് അവിടെ തെരഞ്ഞെടുപ്പു പോലും സമാധാനപരമായി നടക്കാത്ത അവസ്ഥയാണ്. എന്നാല്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് അതൊരു വാര്‍ത്തപോലും അല്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. ചടങ്ങില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി.കെ.കുഞ്ഞിരാമന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.മോഹനന്‍, സെക്രട്ടറിയേറ്റംഗം സി.ഭാസ്‌കരന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.ദിവാകരന്‍, കെ.ശ്രീധരന്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി.പി.ഗോപാലന്‍ സ്വാഗതം പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച ബഹുജന പ്രകടനം കോട്ടപ്പറമ്പില്‍ സമാപിച്ചു.