വടകര: കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ തുറക്കണമെന്നാവശ്യപ്പെട്ട് മണിയൂര്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ആരംഭിച്ച നിരാഹാര സമരം പിന്‍വലിച്ചു. ഇറിഗേഷന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ 25 ന് കനാല്‍ തുറക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. മണിയൂര്‍ പഞ്ചായത്തിലെ രൂക്ഷമായ വരള്‍ച്ചക്കും ജലക്ഷാമത്തിനും പരിഹാരം കാണാന്‍ കനാല്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ബാലന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി സത്യന്‍ എന്നിവരാണ് പുതുപ്പണത്തെ കുറ്റ്യാടി ഇറിഗേഷന്‍ ഓഫീസിനു മുന്നില്‍ അനശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. കനാല്‍ തുറക്കണമെന്ന് ജനപ്രതിനിധികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും പേരിനുമാത്രം കനാല്‍ തുറന്ന് അടക്കുന്നു സമീപനമാണ് അധികൃതര്‍ സ്വീകരിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കനാല്‍ അവസാനമായി തുറന്നത്. കൃത്യമായ ഷെഡ്യൂള്‍ പ്രകാരം എല്ലാ വര്‍ഷവും കനാല്‍ തുറക്കാറുണ്ടെങ്കിലും അത് പാലിക്കാത്തതാണ് പഞ്ചായത്തില്‍ വരള്‍ച്ച രൂക്ഷമാവാനും കുടിവെള്ളത്തിനും പ്രയാസം ഉണ്ടാക്കിയത്. ചൊവ്വാഴ്ച ഇറിഗേഷന്‍ ഓഫീസ് ഉപരോധിച്ച പഞ്ചായത്ത് പ്രസിഡന്റ് എം ജയപ്രഭ ഉള്‍ശപ്പടെയുള്ള 17 പഞ്ചായത്തംഗങ്ങളെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അനിശ്ചിതകാല നിരാഹാര സമരം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സി ബാലന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം ജയപ്രഭ അധ്യക്ഷയായി. പി.പി ബാലന്‍, കെ.വി സത്യന്‍ സംസാരിച്ചു. കെ.പി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.