വടകര: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കണക്കിലെടുത്തു ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനു വടകരയില്‍ കര്‍ശന നടപടിയുമായി പൊലിസ്. വടകര ഡിവൈഎസ്പി വിളിച്ച സര്‍വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ തീരുമാനങ്ങള്‍ കൈക്കൊണ്ടതായി ഡിവൈഎസ്പി പി.പി.സദാനന്ദന്‍ അറിയിച്ചു. വടകര മണ്ഡലത്തില്‍ ജയിക്കുന്ന മുന്നണി മാത്രം 23 ന് രാത്രി ഏഴുവരെ ആഹ്ലാദ പ്രകടനം നടത്തും. സംസ്ഥാനതലത്തില്‍ മേല്‍ക്കൈ നേടുന്ന മുന്നണി 24 നു രാവിലെ മുതല്‍ ഉച്ചക്ക് ഒരു മണിവരെയും കേന്ദ്രത്തില്‍ ഭൂരിപക്ഷം ലഭിക്കുന്ന മുന്നണി 24 നു വൈകുന്നേരവും പ്രകടനം നടത്താനാണ് തീരുമാനം. ആവശ്യമായ പൊലിസ് സന്നാഹം ഒരുക്കിയിട്ടുണ്ടെന്നും തീരുമാനം കര്‍ശനമായി പാലിക്കാന്‍ പൊലിസ് രംഗത്തുണ്ടാവുമെന്നും ഡിവൈഎസ്പി പറഞ്ഞു. മുന്‍കൂട്ടി രേഖാമൂലം അറിയിക്കാതെ ഒരു പ്രകടനവും അനുവദിക്കില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൈക്കൊണ്ട തീരുമാനം പൊലിസ് കര്‍ശനമായി നടപ്പാക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു. വിജയാഹ്ലാദ പ്രകടനങ്ങള്‍ രാത്രി ഏഴ് മണിക്ക് ശേഷം അനുവദിക്കില്ല. പൊതുസ്ഥലങ്ങളിലും മറ്റും സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ 23ന് മുമ്പേ മാറ്റാനും യോഗത്തില്‍ തീരുമാനമായി.