സുൽത്താൻ ബത്തേരി: നിങ്ങളുടെ മകനായി സഹോദരനായി ഒരു വയനാട്ടുകരനായി ജീവിതാന്ത്യം വരെ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പറഞ്ഞ് വയനാട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടി ചരിത്ര വിജയം നേടിയ കോൺഗ്രസ് അദ്ധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയുടെ വിജയം വയനാട്ടിലെങ്ങും പ്രവർത്തകർ വൻ ആഘോഷമാക്കി.
വയനാട് ലോകസഭ മണ്ഡലത്തിലെ ബത്തേരി, കൽപ്പറ്റ, മാനന്തവാടി എന്നി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും, മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുമാണ് രാഹുൽ ഗാന്ധിയുടെ വിജയം ആഘോഷിച്ചത്. കേരളത്തിലും പഞ്ചാബിലും മാത്രമായി കോൺഗ്രസ് ഒതുങ്ങിയെങ്കിലും കോൺഗ്രസ് അദ്ധ്യക്ഷന്റെ വിജയം പ്രവർത്തകർ കെങ്കേമമയാണ് ആഘോഷിച്ചത്. കേരളത്തിലെ യു.ഡി.എഫിന്റെ വൻ വിജയത്തിന് പിന്നിലെ ഒരു പ്രധാന കാരണം രാഹുൽ ഇവിടത്തെ സ്ഥാനാർത്ഥിത്വം ഉണ്ടാക്കിയ ആവേശമാണ്.
പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയതു മുതൽ ഒരിക്കൽ പോലും രാഹുലിന്റെ ലീഡ് പിന്നോട്ട് പോയില്ല . ഉച്ചയായതോടെ ലീഡ് ലക്ഷം പിന്നിട്ടപ്പോൾ പ്രവർത്തകരുടെ ആവേശവും വാനോളം ഉയർന്നു. തുടർന്ന് നിരത്തിലിറങ്ങിയ പ്രവർത്തകർ രാഹുലിന്റെ വിജയാഘോഷവുമായി നീങ്ങുകയായിരുന്നു. ബത്തേരി പട്ടണത്തിൽ നടത്തിയ വിജയാഘോഷത്തിന് ഡി.സി.സി.പ്രസിഡന്റും എം.എൽ.എ യുമായ ഐ.സി ബാലകൃഷ്ണൻ , നിയോജകമണ്ഡലം ചെയർമാൻ കെ.കെ. അബ്രാഹം, കൺവീനർ ടി.മുഹമ്മദ്, എൻ.എം.വിജയൻ, ബാബു പഴുപ്പത്തൂർ എന്നിവർ നേതൃത്വം നൽകി.