കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ വൻ വിജയത്തിൽ ആഹ്ലാദിക്കാൻ ജില്ലയിൽ നടന്ന പ്രകടനങ്ങൾ ഏറെയും ദേശീയ രാഷ്ട്രീയത്തിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ വെറും വഴിപാട് പ്രകടനങ്ങളായി. ജനപങ്കാളിത്തത്തിലും ഈ പ്രകടനങ്ങൾ ശുഷ്‌ക്കമായിരുന്നു.

കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ പുൽപളളിയിൽ നടന്ന പ്രകടനം ഇതിന് തെളിവായി. സംസ്ഥാനത്ത് ഒരു സീറ്റു പോലും കിട്ടാത്ത ബി.ജെ.പി നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത ആളുകളുടെ പകുതിപോലും ഉണ്ടായില്ല യു.ഡി.എഫിന്റെ റാലിയിലെ പങ്കാളിത്തം.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എക്കാലത്തേയും രാഷ്ട്രീയ എതിരാളികളായ ഇടത് പക്ഷക്കാരും ആർ.എസ്.എസ്.-ബി.ജെ.പിക്കാരും കേരളത്തിൽ കോൺഗ്രസിന് വോട്ട് ചെയ്തുവെന്നാണ് പൊതുവെയുളള സംസാരം.

വടകര പോലെ സി.പി.എം ശക്തി കേന്ദ്രങ്ങളിൽ അവരെ പരാജയപ്പെടുത്താൻ ഹിന്ദുത്വ വാദികൾ കൂട്ട്‌തോടെ കോൺഗ്രസിന് വോട്ട് ചെയ്തതും ബിജെ പിയെ പരാജയപ്പെടുത്താൻ ചില മണ്ഡലങ്ങളിൽ ഇടത് മുന്നണി കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതും ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്.അടിയന്തിരാവസ്ഥയ്ക്ക് ശേഷം കോൺഗ്രസിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ഏത് ചെകുത്താനേയും കൂട്ടു പിടിക്കുമെന്ന് പറഞ്ഞ ഇ.എം.എസിന്റെ പിൻ മുറക്കാരും കോണ്ഗ്രസ് മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദിയുടെ അനുയായികളും ശത്രുവിന്റെ ശത്രു മിത്രം എന്ന ചൊല്ല് യാഥാർത്ഥ്യമാക്കിയ തെരഞ്ഞെടുപ്പയിരുന്നു ഇത് .വടകരയിലെ പി.ജയരാജനും തിരുവനന്ത പുരത്തെ കുമ്മനം രാജശേഖരനുമെല്ലാം ഇതിന്റെ ഇരകളായി.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് എൽ്.ഡി.എഫിന് അനകൂല നിലപാട് സ്വീകരിച്ച മുസ്ലീം-ക്രിസ്ത്യൻ മത ന്യൂന പക്ഷങ്ങൾ ഇക്കുറി കോൺഗ്രസിനെ സഹായിച്ചതും ശബരിമല വിഷയവുമെല്ലാം യു.ഡി.എഫിന് തുണയായി.