മാനന്തവാടി: അറവ് മാലിന്യം ജനവാസ കേന്ദ്രങ്ങളിൽ അലക്ഷ്യമായി നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്ക് ദുരിതമായി മാറുന്നു. മാനന്തവാടി ചെറ്റപ്പാലം വരടിമൂല ബൈപ്പാസ് റോഡിലാണ് വീടുകളുടെ സമീപത്തായി മാംസ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നത്.
ഇവിടെ സമീപത്തെ ഒരു വീട് കേന്ദ്രീകരിച്ചാണ് അറവ് നടക്കുന്നത്. പ്രതിദിനം 20 ഓളം കന്നുകാലികളെയാണ് ഇവിടെ അറക്കുന്നത്. ഇതിൽ നിന്നുള്ള അവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം സമീപത്തേ ചെറ്റപ്പാലം തോട്ടിലേക്കാണ് ഒഴുക്കി വിടുന്നത്. ഈ വെള്ളം അലക്കാനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്നതാണ്. നിരവധി കുടുംബങ്ങളാണ് പ്രദേശത്തുള്ളത്. മാലിന്ങ്ങളും മാംസ അവശിഷ്ടങ്ങളും കാക്കകളും മറ്റും കൊത്തി കിണറ്റിൽ ഇടുന്നത് പതിവാണ്. ദുർഗന്ധം കാരണം ഇതുവഴി നടക്കാനോ പ്രദേശവാസികൾക്ക് വീടുകളിൽ കിടന്നുറങ്ങുന്നതിനോ കഴിയാത്ത സ്ഥിതിയാണ്. മാലിന്യങ്ങൾ കെട്ടികിടന്ന് ഈച്ച ശല്യം വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇടയാക്കുന്നുണ്ട്. എരുമത്തെരുവിലെ മത്സ്യ മാംസ മാർക്കറ്റ് അടച്ച് പൂട്ടിയതോടെ നഗര പരിസരങ്ങളിൽ അനധികൃത അറവ് നടക്കുന്നായി വ്യാപക പരാതികൾ ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം വള്ളിയൂർക്കാവ് ചെറിയ കുമ്മന പാലത്തിലും റോഡിലും പുഴയിലും രക്തക്കറ കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പോത്തിന്റ് അവശിഷ്ടങ്ങൾ പുഴയിൽ തള്ളിയതാണെന്ന് കണ്ടെത്തി. മാംസ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ അടിയന്തിര നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് സബ്ബ് കളക്ടർ, ആരോഗ്യ വകുപ്പ് എന്നിവർക്ക് നാട്ടുകാർ പരാതി നൽകി.